മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരായ  ഹര്‍ജികളില്‍ വിധി ഇന്ന്

മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ വിധി ഇന്ന്

മണ്ണാര്‍ക്കാട് വിചാരണക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുന്നത്
Updated on
1 min read

അട്ടപ്പാടി മധു വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മണ്ണാര്‍ക്കാട് വിചാരണക്കോടതിയുടെ വിധിക്കെതിരെയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസിലെ 12 പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നീതിയുക്തമായ വിചാരണ നടത്താന്‍ ജാമ്യം റദ്ദാക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു വിചാരണക്കോടതിയുടെ വാദം. അതേസമയം, ഹൈക്കോടതി അനുവദിച്ച ജാമ്യം കീഴ്‌ക്കോടതി എങ്ങനെ റദ്ദാക്കുമെന്ന് ഹൈക്കോടതി ആരാഞ്ഞു.

കേസിലെ 12 പ്രതികള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. കേസിലെ 16 പ്രതികളില്‍ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതികള്‍ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകളും പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കി വിചാരണക്കോടതി ഉത്തരവിറക്കിയത്.

logo
The Fourth
www.thefourthnews.in