മലപ്പുറം താനൂരിനടുത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 21 മരണം. മരിച്ചവരിൽ അഞ്ചു പേർ കുട്ടികൾ. നാല് പേർ ഗുരുതരാവസ്ഥയിൽ. ഒട്ടുമ്പ്രം തൂവല്‍ തീരത്താണ് അപകടം സംഭവിച്ചത്. ബോട്ടില്‍ നാൽപതിലധികം പേർ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഉയരാൻ സാധ്യത.
ബോട്ടിൽ കയറ്റാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയാണ് ആളുകളെ ബോട്ടിൽ കയറ്റിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുമണിവരെയാണ് ബോട്ട സര്‍വീസ് നടത്താനുള്ള അനുമതി. എന്നാല്‍ അത് പാലിക്കാതെയാണ് ബോട്ട് സര്‍വീസ് നടത്തുന്നത് . കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
രക്ഷപ്പെടുത്തിയവരെ താനൂര്‍ , തിരൂരങ്ങാടി , പരപ്പനങ്ങാടി ആശുപത്രികളില്‍ ആളുകളെ പ്രവേശിപ്പിച്ചു. ആഴം കൂടുതലുള്ള സ്ഥലത്താണ് ബോട്ട് മുങ്ങിയത്. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു രക്ഷാദൗത്യം നടത്തിവരികയാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരായ വി. അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.
ബോട്ടില്‍ ഉണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി. ഇപ്പോഴും രക്ഷാദൗത്യം തുടരുകയാണ്. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
ബോട്ടപകടത്തിൽ മരിച്ചവരിൽ ആറ് കുട്ടികൾ.
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും.
മരിച്ചവരിൽ കൂടുതലും കുട്ടികൾ. ബോട്ട് ജെസിബി ഉപയോഗിച്ച് പൊളിക്കാൻ ശ്രമം. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി വെളിച്ചക്കുറവ്. അപകടകാരണം കൂടുതൽ ആളുകൾ കയറിയത്.
ആറ് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ ദയ ഹോസ്പിറ്റലില്‍. 9 പേരുടെ മൃതദേഹങ്ങള്‍ അജിനോറ ഹോസ്പിറ്റലില്‍.
മെയ് 8 ന് നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും താനൂർ ബോട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. നാളെ നടത്താനിരുന്ന താലൂക്ക് തല അദാലത്തുകളും മാറ്റി വച്ചിട്ടുണ്ട്.
അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.
ബോട്ടപകടത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദേഹം വിട്ടുകൊടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും.
ലൈസൻസില്ലാതെയാണ് ബോട്ട് സർവീസ് നടത്തിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അനധികൃതമായി സർവീസ് നടത്തിയതിലൂടെ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി.
താനൂരിലെ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകും.
Pained by the loss of lives due to the boat mishap in Malappuram, Kerala. Condolences to the bereaved families. An ex-gratia of Rs. 2 lakh from PMNRF would be provided to the next of kin of each deceased: PM @narendramodi
— PMO India (@PMOIndia) May 7, 2023
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒൻപത് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
1. ഹസ്ന D/o സൈതലവി
പരപ്പനങ്ങാടി സ്വദേശി (18 വയസ്)
2. സഫ്ന D/o സൈതലവി (ഏഴ് വയസ്)
3. ഫാത്തിമ മിന്ഹ D/o സിദ്ധീഖ് (പന്ത്രണ്ട് വയസ്)
4. കാട്ടിൽ പീടിയാക്കൽ സിദ്ധീഖ് (35 വയസ്)
5. ജലസിയ ജാബിർ കുന്നുമ്മൽ, ആവായിൽ ബീച്ച് (40 വയസ്)
6. അഫ്ലാഹ്, പട്ടിക്കാട് (ഏഴ് വയസ്)
7. അൻഷിദ്, പട്ടിക്കാട്, പെരിന്തൽമണ്ണ
8. റസീന കുന്നുമ്മൽ, ആവായിൽ ബീച്ച്
9.ഫൈസാൻ S/0 സിദ്ധീഖ്, ഓലപ്പീടിക (മൂന്ന് വയസ്)
ബോട്ടപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപത്തെ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കണം. അനുവദിക്കപ്പെട്ടതിലും കൂടുതൽ ആളുകൾ ബോട്ടിൽ യാത്ര ചെയ്തു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ്.
തൃശൂർ ക്യാമ്പിൽ നിന്ന് ദേശീയ ദുരന്ത നിവാരണ സേന താനൂരിലേക്ക് പുറപ്പെട്ടു.
അപകടത്തിൽപ്പെട്ടതിലധികവും കുട്ടികളെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന നാട്ടുകാർ
ബോട്ടപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 13 പേർ .കുന്നുമ്മൽ ജാബിറിൻ്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42) മകൻ ജറീർ (12) മകൾ ജന്ന(8), സൈതലവിയുടെ ഭാര്യ സീനത്ത്(43) മക്കളായഅസ്ന (18 ), ഷംന (16)സഫ് ല (13 ),(ഫിദദിൽന(8) സഹോദരി നുസ്‌റത്ത് (35) മകൾ ആയിഷമെഹ്റിൻ (ഒന്നര), സഹോദരൻസിറാജിൻ്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം)
അപകടം നടന്ന ബോട്ടിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് കരയ്ക്ക് കയറ്റി. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് തിരച്ചിൽ നടക്കുന്നു. വെള്ളത്തിനടിയിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശയം .
യാത്രക്കിടെ ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതോടെ യാത്രക്കാരും ആ ഭാഗത്തേക്ക് നീങ്ങി വീണു. ഇതോടെ ഭാരം മൂലം ബോട്ട് മറിഞ്ഞതാണെന്നാണ് രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ. ബോട്ടിൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാരുടെ ആരോപണം.