ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു; 40 ഓളം പേർക്ക് പരുക്ക്
ഇടുക്കി അടിമാലിയിൽ ടൂറിസ്ററ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അടിമാലി മുനിയറയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ പുലർച്ചെ 1.15 ഓടെയായിരുന്നു അപകടം. ബസിനടിയിൽ കുടുങ്ങിക്കിടന്ന മിൽഹാജിന്റെ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്.
വളാഞ്ചേരി റീജിയണൽ കോളേജ് വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 40 ഓളം വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലാർകുട്ടി-മയിലാടുംപാറ റൂട്ടിൽ മുനിയറയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി തിങ്കൾക്കാടിന് സമീപമാണ് ബസ് മറിഞ്ഞത്.
കുത്തനെയുള്ളതും വളവുള്ളതുമായ റോഡിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീടാണ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്.