വയനാട് ചുരത്തില്‍  ഗതാഗത നിയന്ത്രണം; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും ബദല്‍ യാത്രാമാര്‍ഗങ്ങളും

വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും ബദല്‍ യാത്രാമാര്‍ഗങ്ങളും

രാത്രി 9ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല
Updated on
1 min read

വയനാട് ചുരത്തിലൂടെ കര്‍ണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകൾ കയറ്റിവിടുന്നതിനാൽ ഇന്ന് രാത്രി 8 മണി മുതല്‍ ഗതാഗത നിയന്ത്രണം. രാത്രി 9ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. രാത്രി 11 മണിക്കാകും ട്രക്കുകള്‍ കടത്തിവിടുക. പൊതുജനങ്ങള്‍ ഈ സമയം യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.  

ചുരത്തില്‍ ഇന്നത്തെ ഗതാഗത ക്രമീകരണം

1. സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും രാത്രി 8 മണി മുതല്‍ ബീനച്ചി- പനമരം വഴിയോ, മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.

2. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന KSRTC, സ്വകാര്യ ബസുകള്‍ രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകേണ്ടതാണ്.

3. ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്‌നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.

4. രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.

രണ്ടരമാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരുന്ന ട്രക്കുകളാണ് ഇന്ന് ചുരം കടത്തിവിടുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ട്രക്കിലുള്ളത്. പോലീസ്, അഗ്നി രക്ഷാസേന എന്നിവരുടെ സഹായത്തോടെയാണ് ട്രക്കുകളെ ചുരം കടത്തുക. 

logo
The Fourth
www.thefourthnews.in