എലത്തൂർ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്നു; ഐജി പി വിജയന് സസ്പെന്‍ഷന്‍
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഐജി പി വിജയനെ സർക്കാർ അന്വേഷണ വിധേയമായി സസ്‌പെഡ് ചെയ്തു. എഡിജിപി എം ആര്‍ അജിത്ത് കുമാറിന്‌റെ റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തിലാണ് നടപടി. തുടരന്വേഷണത്തിന് എഡിജിപി കെ പദ്മകുമാറിനെ ചുമതലപ്പെടുത്തി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ചുമതലയില്‍ നിന്ന് പി വിജയനെ നേരത്തെ നീക്കിയിരുന്നു.
തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ രത്നഗിരിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ കുറിച്ചാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതീവ സുരക്ഷയോടെ എത്തിക്കേണ്ട വിവരങ്ങള്‍ പുറത്തു പോയത് സുരക്ഷാ വീഴ്ചയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി പി വിജയനും ഗ്രേഡ് എസ് ഐ മനോജ് കുമാറും പ്രതി ഷാരൂഖ് സെയ്ഫിയെ കൊണ്ടുവന്ന യാത്രാ സംഘവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി പി വിജയനെ സസ്‌പെന്‍ഡ് ചെയ്തത്.
തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട വിഭാഗമാണെന്നും അതിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ അന്വേഷണമാവശ്യമെന്നും ഉത്തരവിലുണ്ട്. ആരോപണവിധേയരായവരെ അന്വേഷണത്തിന്‌റെ ഭാഗമായി സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്നതിന്‌റെ ഭാഗമായാണ് നടപടിയെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാറിനെ ചുമതലപ്പെടുത്തി.