മകളുടെ മുന്നിൽ വെച്ച് അച്ഛനെ മർദിച്ച സംഭവം: അടിയന്തര റിപ്പോർട്ട് തേടി ഗതാഗത മന്ത്രി
Google

മകളുടെ മുന്നിൽ വെച്ച് അച്ഛനെ മർദിച്ച സംഭവം: അടിയന്തര റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

യൂണിയൻ നേതാക്കളാണോ എന്ന് നോക്കാതെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി
Updated on
2 min read

മകളുടെ മുന്നിൽ വെച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ കെഎസ്ആർടിസി, സി എം ഡിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ മകളുടെ മുന്നിൽ വെച്ച അച്ഛനെ മർദ്ദിച്ച സംഭവത്തിൽ ആണ് മന്ത്രി റിപ്പോർട്ട് തേടിയത്. വിവരം അറിഞ്ഞയുടൻ തന്നെ ചീഫ് ഓഫീസിൽ നിന്ന് വിജിലൻസ് വിങ്ങിലെ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട് എന്നും ഗതാഗത മന്ത്രി പറഞ്ഞു. നേരിട്ട് സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം കാട്ടാക്കടയില്‍ ഡിപ്പോയില്‍ ആണ് മകളുടെ മുന്നില്‍ വെച്ച് പിതാവിന് കെ എസ് ആര്‍ ടിസി ജീവനക്കാരുടെ ക്രൂരമര്‍ദനം ഏൽക്കേണ്ടി വന്നത്. പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരനായ പ്രേമനാണ് മര്‍ദനത്തിന് ഇരയായത്. വിദ്യാര്‍ഥിയായ മകളുടെ യാത്രാസൗജന്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. ഇന്ന് രാവിലെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകളുമായെത്തിയതാണ് പ്രേമന്‍. കണ്‍സെഷന്‍ എടുക്കാനെത്തിയ പ്രേമന്റെ മകള്‍ രേഷ്മയോട് കോഴ്‌സ് സര്‍ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കൗണ്ടറിലുള്ളവര്‍ ആവശ്യപ്പെട്ടു. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കണ്‍സെഷന്‍ നല്‍കില്ലെന്ന് കെ എസ് ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു, പിന്നീട് ഹാജരാക്കാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു.

മകളുടെ മുന്നിൽ വെച്ച് അച്ഛനെ മർദിച്ച സംഭവം: അടിയന്തര റിപ്പോർട്ട് തേടി ഗതാഗത മന്ത്രി
പിതാവിനും മകള്‍ക്കും നേരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കയ്യേറ്റം; ഇടപെട്ട് ഹൈക്കോടതി, അഞ്ച് പേര്‍ക്കെതിരെ കേസ്

കെ എസ് ആർ ടി സി എന്നത് ജനങ്ങളുടെ സ്ഥാപനമാണ്. പൊതുജനങ്ങളുടെതായി നിലനിൽക്കുന്ന സംവിധാനത്തിൽ ജനങ്ങൾ കാര്യങ്ങളുമായി വരുമ്പോൾ അവരോട് മര്യാദക്ക് പെരുമാറുക എന്നത് ഉദ്യോഗസ്ഥരുടെ ചുമതലയാണ് എന്നും മന്ത്രി പറഞ്ഞു.

"അക്കാദമിക് വർഷത്തിന്റെ ആദ്യത്തിൽ ഒരു തവണ മാത്രമേ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളു. പുതുക്കാൻ നേരത്ത് വീണ്ടും അതാവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. അതിന്റെ പേരിലാണ് കൺസഷൻ താമസിപ്പിച്ചിട്ടുള്ളതെങ്കിൽ ആ ഉദ്യോഗസ്ഥൻ അതിന് ഉത്തരം പറയേണ്ടി വരും. വളരെ ഗുരുതരമായ വീഴ്ചയുണ്ടായതായാണ് ദൃശ്യ മാധ്യമങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. രക്ഷകർത്താക്കളോടൊപ്പം വരുന്ന കുട്ടികളോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്ന നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. റിപ്പോർട്ട് കിട്ടിയതിന് ശേഷം മാതൃകാപരമായ നടപടി ഉണ്ടാവും. റിപ്പോർട്ട് കിട്ടിയാലേ നിജസ്ഥിതി മനസ്സിലാക്കാൻ സാധിക്കുകയുള്ളു. ഇത് എല്ലായ്‌പോഴും ഉണ്ടാകുന്ന സംഭവങ്ങളല്ല. നല്ല കാര്യങ്ങൾ പലപ്പോഴും വാർത്തയാവാറില്ല. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഏതെങ്കിലും ഡിപ്പോയിൽ ഉണ്ടാവുകയും അത് വാർത്തയാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ഇത് പൊതുവിൽ കെ എസ് ആർ ടി സി യെക്കുറിച്ചും ജീവനക്കാരെ ക്കുറിച്ചും അവമതിപ്പ് ഉണ്ടാവുകയാണ്. ബഹുഭൂരിപക്ഷം ജീവനക്കാരും കെ എസ് ആർ ടി സി യിലെ നല്ല ജീവനക്കാരാണ്.'' മന്ത്രി പറഞ്ഞു.

സംഭവത്തിൽ കെ എസ് ആർ ടി സി അഭിഭാഷകനോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ആവർത്തിക്കപ്പെടാൻ പാടില്ലാത്ത സംഭവമാണ് ഇതെന്നും മന്ത്രി പ്രതികരിച്ചു. മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകും. അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കി പ്രാഥമികമായ അച്ചടക്ക നടപടികൾ ഇന്ന് തന്നെയുണ്ടാവും. അച്ചടക്ക നടപടി കൈക്കൊള്ളുന്നതിന് യൂണിയനിലെ അംഗം ആണെന്നോ ഏതെങ്കിലും യൂണിയന്റെ ഭാഗം ആണെന്നോ ഉള്ളത് ഒരു പ്രശ്നം ആവില്ല. മുൻപും ഇത്തരം വിഷയങ്ങളിൽ മുഖം നോക്കാതെയുള്ള നടപടി എടുത്തിട്ടുണ്ട്. ഇതിലും മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഐ ബി സതീഷ് എം എൽ എ പ്രതികരിച്ചു. നടപടിയെടുക്കുന്നതിനായി പോലീസുകാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കിട്ടിയ വിവരങ്ങൾക്കനുസരിച്ച് ന്യായീകരിക്കാനാവാത്ത സംഭവം ആണുണ്ടായിട്ടുള്ളത്. ഇതുസംബന്ധിച്ച കർശനമായ അന്വേഷണം ഉണ്ടാവും എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കെ ഇ ആർ ടി സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതി കെ എസ് ആർ ടി സി അഭിഭാഷകനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in