'ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ വേണ്ട'; വിലക്ക് കർശനമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

'ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ വേണ്ട'; വിലക്ക് കർശനമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആചാരങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾ ഒഴിച്ച് മറ്റ് തരത്തിലുള്ള ഒരു പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് ബോർഡിന്റെ നിർദേശത്തിൽ പറയുന്നു
Updated on
1 min read

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്‌എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആചാരങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾ ഒഴിച്ച് മറ്റ് തരത്തിലുള്ള ഒരു പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് ബോർഡിന്റെ നിർദേശത്തിൽ പറയുന്നു. വിലക്ക് ലംഘിച്ച് ശാഖയുടെ പ്രവര്‍ത്തനം നടക്കുന്നുവെങ്കിൽ ഉദ്യോഗസ്ഥര്‍ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും മാസ്‌ഡ്രിൽ നടക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

ക്ഷേത്ര പരിസരത്ത് ആയുധ- കായിക പരിശീലനവും അനുവദിക്കില്ല. ക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധമില്ലാതെ പ്രവർത്തികൾ പാടില്ലെന്നും ക്ഷേത്രങ്ങളിലെ അകത്തോ പുറത്തോ യാതൊരു വിധത്തിലുള്ള കൊടിതോരണങ്ങളും അനുവദിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ച് ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടോയെന്ന കാര്യം ദേവസ്വം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നേരത്തേ തന്നെ ആർഎസ്എസ് ശാഖ പ്രവർത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കർശനമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ബോർഡ് സര്‍ക്കുലര്‍ പുറത്തെറക്കിയത്.

logo
The Fourth
www.thefourthnews.in