കപ്പലില്ല, ടിക്കറ്റുമില്ല; കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് ലക്ഷദ്വീപുകാർ
ആഴ്ചകളായി ഇവിടെ നിക്കാൻ തുടങ്ങിയിട്ട്. ഇന്ന് പോവാൻ പറ്റും, നാളെ പോവാൻ പറ്റും എന്ന് കരുതി നിൽക്കാണ്." മണിക്കൂറുകൾ ക്യൂ നിന്ന് മടുത്ത് കാല് വേദനിച്ചപ്പോൾ അടുത്ത് കിടന്ന കസേരയിൽ വന്നിരുന്ന് ഷാഹുൽ സംസാരിച്ചു. " എത്ര ദിവസമെന്ന് വച്ചിട്ടാണ്. താമസം, ഭക്ഷണം എല്ലാം കൂടി താങ്ങാനാവുന്നില്ല. ചികിത്സയ്ക്ക് വന്നതാണ്. ഒരു മാസത്തിനടുത്തായി ഈ കാത്ത് നിൽപ്പ്" അടുത്ത് നിന്നിരുന്ന ഇമാദ് കൂട്ടിച്ചേർത്തു. കൊച്ചി വില്ലിംങ്ടൺ ഐലന്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലെ കപ്പൽ ടിക്കറ്റ് കൗണ്ടറിന് മുന്നിലുള്ള കാഴ്ചയാണിത്.
700 പേർ കയറുന്ന എം വി കവരത്തി ഇല്ലാത്തത് പ്രതിസന്ധി കൂട്ടി
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തിയിരുന്ന ഏഴിൽ അഞ്ച് കപ്പലുകളും നിർത്തിവച്ചിരിക്കുകയാണ്. 700 പേർ കയറുന്ന എം വി കവരത്തി നിർത്തിയത് പ്രതിസന്ധി കൂട്ടി. 350 പേർ കയറുന്ന എം വി ലഗൂണും 250 പേർ കയറുന്ന എം വി അറേബ്യൻ സീയും മാത്രമാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്. ഇതോടെ ആഴ്ചകൾ കാത്തിരുന്നാലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് ലക്ഷദ്വീപുകാർക്ക്. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നത്. എറണാകുളത്ത് പലയിടത്തായി ദിവസ വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് താങ്ങാവുന്നതിനുമപ്പുറമാണ്.