karthika's funeral
karthika's funeral

ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം; ചികിത്സാപ്പിഴവെന്ന് ആരോപണം: പാലക്കാട് തങ്കം ആശുപത്രിയില്‍ സംഭവിച്ചത്

രണ്ട് സംഭവങ്ങളിലുണ്ടായ മൂന്ന് മരണത്തിലും ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്നാണ് ആരോപണം
Updated on
3 min read

ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രിക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമപ്രകാരം നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. അമ്മയും നവജാതശിശുവും മരിച്ചതിന് പിന്നാലെ അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായ യുവതിയും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാഫലവും ലഭിക്കുന്നതോടെ കൂടുതല്‍ നടപടികളുണ്ടായേക്കും.

രണ്ട് സംഭവങ്ങളിലുണ്ടായ മൂന്ന് മരണത്തിലും ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്നാണ് ആരോപണം. ചിറ്റൂര്‍ തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും പ്രസവ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പ്രതിയാക്കി കേസെടുത്തിരുന്നു.

ജൂണ്‍ 29ന് ആണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ രണ്ടിന് രാത്രിയാണ് ഐശ്വര്യ പ്രസവിച്ചത്. നാലാം തീയതി ഐശ്വര്യയും മരിച്ചു. ഇതോടെയാണ് ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയത്. കുഞ്ഞ് മരിച്ചതറിയിച്ച് കുഞ്ഞിനെ ബന്ധുക്കളെ കാണിച്ചു. എന്നാല്‍, അനുമതിയില്ലാതെ കുഞ്ഞിനെ മറവ് ചെയ്തെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിക്കുന്നു. ഐശ്വര്യക്ക് രക്തസ്രാവമുണ്ടായപ്പോള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതും അറിയിച്ചില്ലെന്ന് ഐശ്വര്യയുടെ സഹോദരന്‍ വിവേക് 'ദി ഫോര്‍ത്തി'നോട് പറഞ്ഞു.

aiswarya, thangam hospital
aiswarya, thangam hospital
ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ഓണ്‍ ടേബിള്‍ ഡിസിഷനായതിനായിരുന്നിട്ടും ബന്ധുക്കളെ അറിയിച്ചെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുടുംബം അത് നിഷേധിക്കുന്നു

എന്നാല്‍, പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. മുപ്പത്തിയാറാം ആഴ്ചയിലെ സ്കാനിങില്‍ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിരുന്നെങ്കിലും സിസേറിയന്‍ ചെയ്യേണ്ട സ്ഥിതിയുണ്ടായിരുന്നില്ല. പ്രസവസമയത്തും ഗുരുതരപ്രശ്നങ്ങളില്ലായിരുന്നെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കുഞ്ഞ് പുറത്തേക്ക് വന്നിട്ടും കരഞ്ഞില്ല. തുടര്‍ന്ന് ശിശുരോഗ വിദഗ്ധന്‍റെ സഹായത്തോടെ എന്‍ഐസി‍യുവില്‍ ചികിത്സ നല്‍കി. പക്ഷെ, രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം ഐശ്വര്യയുടെ ബന്ധു രേഷ്മയ്ക്ക് കൈമാറിഎന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ബന്ധുക്കളെ അറിയിക്കാതെ കുഞ്ഞിനെ മറവ് ചെയ്തെന്ന ആരോപണവും അധികൃതര്‍ നിഷേധിച്ചു. കുഞ്ഞിന്റെ മൃതദേഹം രേഷ്മയ്ക്ക് നല്‍കിയതിന് രേഷ്മ ഒപ്പിട്ട രേഖകളുണ്ടെന്നാണ് വിശദീകരണം.

പ്രസവം കഴിഞ്ഞ് അരമണിക്കൂറില്‍ രക്തസ്രാവം തുടങ്ങി. മരുന്നുകള്‍ ഫലം കാണാതെ വന്നപ്പോള്‍ ശസ്‍ത്രക്രിയ വേണമെന്ന് ബന്ധുക്കളെ അറിയിച്ചു. രക്തം നല്‍കേണ്ടി വരുമെന്ന കാര്യവും ഇതിനെല്ലാമുള്ള അനുമതിയും ബന്ധുക്കളില്‍ നിന്ന് വാങ്ങിയെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശസ്ത്രക്രിയയിലൂടെ രക്തസ്രാവം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തു. ഓണ്‍ ടേബിള്‍ ഡിസിഷനായതിനായിരുന്നിട്ടും ബന്ധുക്കളെ അറിയിച്ചെന്നാണ് ആശുപത്രി നല്‍കുന്ന മറുപടി.

thangam hospital
thangam hospital

അതേസമയം, പ്രസവത്തിന് തൊട്ടുമുന്പ് വരെ ഡോപ്ലാര്‍ നിരീക്ഷണം നിര്‍ബന്ധമാണ്. അതിലൊന്നും കുഞ്ഞിന് പ്രശ്നമില്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡോപ്ലറില്‍ കുഞ്ഞിന് തകരാറുണ്ടെന്നറിഞ്ഞാല്‍ സിസേറിയനിലേക്ക് കടക്കും. പ്രശ്നമില്ലാതിരുന്നതിനാലാണ് പ്രസവത്തിനുള്ള സജ്ജീകരണം ചെയ്തതെന്ന് ആശുപത്രി വിശദീകരിക്കുന്നു.

പ്രസവത്തിന് തൊട്ടുമുന്‍പ് വരെ യാതൊരു പ്രശ്‌നവും ഇല്ലാതിരുന്ന കുഞ്ഞ് മരിക്കാന്‍ ഇടയായത് ഡോപ്ലര്‍ നിരീക്ഷണത്തിലെ പിഴവാണോ എന്നതില്‍ വ്യക്തത വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകു എന്ന് ശിശു രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ പിഴവ് വന്നതിനാലാണോ പ്രസവശേഷം കുഞ്ഞിന് ശ്വാസതടസം വന്നതും മരണത്തിനിടയാക്കിയതെന്നുമാണ് ഉയരുന്ന സംശയം.

karthika
karthika
ശസ്ത്രക്രിയയ്ക്കായി കയറ്റിയപ്പോള്‍ രണ്ടുതവണ ട്യൂബ് വഴി അനസ്തേഷ്യ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കാര്‍ത്തിക ഡോക്ടറെ അറിയിച്ചിരുന്നു

ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ചികിത്സക്കിടെ കാര്‍ത്തികയുടേയും മരണം. ഭിന്നശേഷിക്കാരിയായ പാലക്കാട് കോങ്ങാട് ചെറായി സ്വദേശി കാര്‍ത്തിക ജൂലൈ അഞ്ചിനാണ് മരിച്ചത്. ശസ്ത്രക്രിയക്കിടെ അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇരുകാലുകളും തളര്‍ന്ന കാര്‍ത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്രീകൃഷ്ണപുരം കുലുക്കിയാട് സഹകരണ ബാങ്ക് ജിവനക്കാരിയായ കാര്‍ത്തിക ഒന്നാം തീയതി വരെ ബാങ്കില്‍ ജോലിയ്ക്കെത്തിയിരുന്നു. ജൂലൈ അഞ്ചിന് ശസ്ത്രക്രിയയ്ക്കായി കയറ്റിയപ്പോള്‍ രണ്ടുതവണ ട്യൂബ് വഴി അനസ്തേഷ്യ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കാര്‍ത്തിക ഡോക്ടറെ അറിയിച്ചു. ട്യൂബിറക്കി അനസ്തേഷ്യ നല്‍കരുതെന്ന് പറഞ്ഞിരുന്നുവെന്നും അത് ആശുപത്രി വകവെച്ചില്ലെന്നും മരണവിവരം അറിയിക്കാന്‍ വൈകിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. രാവിലെ ശസ്ത്രക്രിയ നടക്കാതെ വന്നപ്പോള്‍ റൂമിലേക്ക് മാറ്റുകയും വീണ്ടും രാത്രി ഏഴ് മണിക്ക് ശസ്ത്രക്രിയയ്ക്കായി കയറ്റുകയും ചെയ്തു. രണ്ട് മണിക്കൂറിന് ശേഷം കാര്‍ത്തിക മരിച്ചെന്ന വിവരമാണ് കുടുംബം അറിയുന്നത്.

protest in hospital
protest in hospital

എന്നാല്‍, കാര്‍ത്തികയ്ക്ക് അനസ്തേഷ്യ നല്‍കാനുള്ള അനുമതി ബന്ധുക്കളില്‍ നിന്ന് വാങ്ങിയിരുന്നു എന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം. ട്യൂബ് വഴി അനസ്തേഷ്യ നല്‍കുന്നത് പരാജയപ്പെട്ടപ്പോള്‍ ശസ്ത്രക്രിയ വേണ്ടെന്നുവെച്ചെന്നും അതിനുശേഷം ശ്വാസകോശത്തില്‍ ഫ്ലൂയ്ഡ് നിറഞ്ഞെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി വിശദീകരിക്കുന്നു.

അനസ്തേഷ്യ കൊടുത്തയുടനെ മരണം സംഭവിച്ചെങ്കില്‍ മരണവിവരം പുറത്തുപറയാന്‍ രണ്ട് മണിക്കൂറോളമെടുത്തത് സംശയകരമാണെന്ന് കാര്‍ത്തികയുടെ സഹോദരന്‍ പ്രശാന്ത് 'ദി ഫോര്‍ത്തി'നോട് പ്രതികരിച്ചു.

വിശദമായ അന്വേഷണത്തില്‍ മാത്രമെ എന്തുസംഭവിച്ചുവെന്നതില്‍ വ്യക്തത വരികയുള്ളുവെന്നാണ് വിദഗ്ധാഭിപ്രായം. ചികിത്സപ്പിഴവുണ്ടോയെന്ന് പരിശോധിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ വിദഗ്ധരും ഗവണ്‍മെന്റ് പ്ലീഡറും ഉള്‍പ്പെടുന്ന സമിതിയുടെ റിപ്പോര്‍ട്ട് നിര്‍ണായകമാണ്.

logo
The Fourth
www.thefourthnews.in