വിശ്വനാഥൻ ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയുടെ അപമാനഭാരത്താല്‍; പോലീസ് റിപ്പോര്‍ട്ട്

വിശ്വനാഥൻ ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയുടെ അപമാനഭാരത്താല്‍; പോലീസ് റിപ്പോര്‍ട്ട്

വിശ്വനാഥന്റെ രൂപവും നിറവും നോക്കിയാണ് ആദിവാസി യുവാവാണെന്ന് തിരിച്ചറിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
Updated on
1 min read

ആദിവാസി യുവാവ് വിശ്വനാഥൻ ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയുടെ അപമാന ഭാരത്താലെന്ന് പോലീസ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ മെയിൻ ഗെയ്റ്റിലും പരിസരത്തും വച്ച് വിശ്വനാഥനെ ഒരു കൂട്ടം ആളുകൾ തടഞ്ഞ് നിർത്തി ചോദ്യംചെയ്തിരുന്നു. ആദിവാസി വിഭാഗത്തിൽ പെടുന്നയാളാണെന്ന തിരിച്ചറിവിലാണ് വിശ്വനാഥന്റെ കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചത്. ജനമധ്യത്തിൽ നേരിടേണ്ടി വന്ന അപമാനഭാരമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച പോലീസ് റിപ്പോർട്ടിൽ പറയുന്നു.

മെഡിക്കൽ കോളേജ് സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിശ്വനാഥന്റെ രൂപവും നിറവും നോക്കിയാണ് ആദിവാസി യുവാവാണെന്ന് തിരിച്ചറിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വിശ്വനാഥന്റെ മരണത്തെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

വയനാട് കൽപ്പറ്റ സ്വദേശിയാണ് വിശ്വനാഥൻ. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയപ്പോള്‍ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ശാരീരികമായും, മാനസികമായും ചിലര്‍ പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്ന് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെ വിശ്വനാഥനെ കാണാതായി. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in