കോഴിക്കോട് ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി

കോഴിക്കോട് ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി

മരണത്തിൽ അസ്വഭാവികത ഇല്ലെന്നും വിശ്വനാഥന്റെ ശരീരത്തിൽ കണ്ട മുറിവുകൾ മരത്തിൽ കയറിയപ്പോൾ ഉണ്ടായതാണെന്നും ഫോറൻസിക് സർജൻ പോലീസിന് മൊഴി നൽകി
Updated on
1 min read

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി. മരണത്തിൽ അസ്വഭാവികത ഇല്ലെന്നും വിശ്വനാഥന്റെ ശരീരത്തിൽ കണ്ട മുറിവുകൾ മരത്തിൽ കയറിയപ്പോൾ ഉണ്ടായതാണെന്നും ഫോറൻസിക് സർജൻ പോലീസിന് മൊഴി നൽകി. ആറ് മുറിവുകളാണ് ശരീരത്തിൽ കണ്ടത്. മുറിവുകൾ ആഴത്തിലുള്ളതോ, മർദനമേറ്റ തരത്തിലുള്ളതോ അല്ലെന്നാണ് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്. മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ ആൾക്കൂട്ടം മർദിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ആൾക്കൂട്ട മർദനത്തിന് തെളിവില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും മർദിച്ചതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു.

വിശ്വനാഥന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വയനാട് എം പി രാഹുൽ ഗാന്ധി കൽപ്പറ്റയിലെ വീട്ടിലെത്തിയിരുന്നു. നീതി കിട്ടണമെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം വിശ്വനാഥനില്ലെന്നും കുടുംബം രാഹുൽ ഗാന്ധിയോട് പറഞ്ഞു. കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അതിനിടെ വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഈ തുക കൽപ്പറ്റ ട്രൈബൽ പ്രോജക്ട് ഓഫീസർ വഴി കൈമാറുമെന്ന് പട്ടികജാതി/വർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. ജില്ലാ പോലീസ് മേധാവിയോടും കളക്ടറോടും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സമഗ്രവും നീതിയുക്തവുമായി കേസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൽപ്പറ്റ അ‍ഡ് ലൈഡ് പാറവയൽ കോളനിയിലെ വിശ്വനാഥനെ ശനിയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗർഭിണിയായ ഭാര്യയെ കാണാൻ മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു വിശ്വനാഥൻ. ആശുപത്രിയിൽ വച്ച് പണവും മൊബൈൽ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം മർദിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സുരക്ഷാ ജീവനകാർക്കെതിരെയും കുടുംബം പരാതി നൽകിയിരുന്നു. ഗേറ്റിൽ വച്ച് സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ തടഞ്ഞിരുന്നു. തുടർന്ന് വിശ്വനാഥനെ കാണാതാവുകയായിരുന്നു. പിന്നീട് നടന്ന തെരിച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in