'നഞ്ചിയമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല'; സ്വന്തം ഭൂമിക്കുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍

'നഞ്ചിയമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല'; സ്വന്തം ഭൂമിക്കുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ സ്വന്തം ഭൂമിയില്‍ കൃഷിയിറക്കാന്‍ സമരം ചെയ്ത് തുടങ്ങിയപ്പോഴാണ് അട്ടപ്പാടിയിലെ ഭൂമി വിഷയം വീണ്ടും ചര്‍ച്ചയായത്
Updated on
3 min read

സ്വന്തം ഭൂമി തിരികെക്കിട്ടാന്‍ സമരം ചെയ്യാനുറച്ച് ദേശീയ ചലച്ചിത്രപുരസ്കാര ജേതാവ് നഞ്ചിയമ്മ. അട്ടപ്പാടി അഗളിയിലെ നാലേക്കര്‍ ഭൂമിയില്‍ കൃഷിയിറക്കാന്‍ കഴിഞ്ഞദിവസം കുടുംബവുമായെത്തിയ നഞ്ചിയമ്മയെ റവന്യൂ അധികൃതര്‍ തടഞ്ഞിരുന്നു. ജൂലൈ 19ന് ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന തഹസില്‍ദാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നഞ്ചിയമ്മ കൃഷിയിറക്കാതെ തിരികെപ്പോയത്. എന്നാല്‍, പാരമ്പര്യസ്വത്തായി ലഭിച്ച ഭൂമി തനിക്ക് ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് നഞ്ചിയമ്മയുടെ നിലപാട്.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ സ്വന്തം ഭൂമിയില്‍ കൃഷിയിറക്കാന്‍ സമരം ചെയ്ത് തുടങ്ങിയപ്പോഴാണ് അട്ടപ്പാടിയിലെ ഭൂമി വിഷയം വീണ്ടും ചര്‍ച്ചയായത്. നഞ്ചിയമ്മയുടെ ഭര്‍തൃപിതാവ് നാഗമൂപ്പന്റെ കൈയില്‍നിന്ന് കന്ത ബോയന്‍ എന്നൊരാളാണ് ഭൂമി കൈവശപ്പെടുത്തിയത്. ഇതില്‍ കുടുംബം പരാതിപ്പെട്ടപ്പോള്‍ 2003-ല്‍ വില്‍പ്പന റദ്ദാക്കി റവന്യൂ വകുപ്പ് ഉത്തരവിട്ടു. 2007 ല്‍ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടിസ് നല്‍കി റവന്യൂ അധികൃതര്‍ നഞ്ചിയമ്മയെയും കുടുംബത്തെയും അവിടെനിന്ന് ഒഴിപ്പിച്ചു. മിച്ച ഭൂമിയായിരിക്കെയാണ് കെ വി മാത്യു എന്നൊരാള്‍ ഈ ഭൂമിയുടെ അവകാശിയായി വന്നത്.

ഒറ്റപ്പാലം സബ് കോടതി ജഡ്ജി ഒപ്പിട്ടുനല്‍കിയ ആധാരമാണ് മാത്യു ഇതിന് തെളിവായി ഹാജരാക്കിയത്. മാത്യുവില്‍നിന്ന് 50 സെന്റ് ഭൂമി ജോസഫ് കുര്യന്‍ എന്നയാള്‍ വാങ്ങിയിരുന്നതിനാല്‍ അദ്ദേഹവും കേസില്‍ കക്ഷി ചേര്‍ന്നിരിക്കുകയാണ്. റവന്യൂ വകുപ്പിനു ലഭിച്ച പരാതികളില്‍ അസിസ്റ്റന്റ് ലാന്‍ഡ് റവന്യു കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ റവന്യു വിജിലന്‍സ് അന്വേഷിക്കുകയും വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി തട്ടിയെടുത്തതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരം (ടി എല്‍ എ) ഭൂമി നഞ്ചിയമ്മയുടേതാണെന്നു കോടതി ഉത്തരവിടുകയും ചെയ്തു. എന്നിട്ടും കാര്യമില്ലെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

'നഞ്ചിയമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല'; സ്വന്തം ഭൂമിക്കുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍
ചരിത്രത്തിലേക്കു മാഞ്ഞ് ഐഎൻഎസ് സിന്ധുധ്വജ്, പൊളിക്കാനായി കണ്ണൂരില്‍; അഴീക്കൽ സിൽക്കിന് നേട്ടം

നഞ്ചിയമ്മയുടെ അനുഭവം അട്ടപ്പാടിയിലെ ഒറ്റപ്പെട്ട സംഭവമല്ല. ഇതേപോലെ ആയിരക്കണക്കിനു പരാതികളാണ് 1986 മുതല്‍ അട്ടപ്പാടിയിലെ റവന്യൂ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. ചിലത് ഉത്തരവായി. മറ്റ് ചിലത് ഇപ്പോഴും പരിഹാരമായിട്ടില്ല.

''ഒരു ദിവസം വന്ന നോക്കുമ്പോള്‍ ഭൂമി വേറെ ആരോ വളച്ച് കെട്ടിയിട്ടുണ്ട്. വില്ലേജ് ഓഫിസില്‍ ചെന്നപ്പോള്‍ ഞങ്ങളോട് ആധാരം ചോദിച്ചു. അപ്പനപ്പൂന്മാരായി ഇവിടെ താമസിച്ചിരുന്ന ഞങ്ങളുടെ കയ്യില്‍ ആധാരമില്ല. കരമടച്ച രേഖ മാത്രമാണുള്ളത്. അവര്‍ക്കത് പോര. ആധാരം വേണം. അട്ടപ്പാടി ആദിവാസികളുടെയായിരുന്നു. ആദിവാസികള്‍ താമസിച്ച സ്ഥലത്തിന് ആരും ആധാരം എഴുതിയിട്ടില്ല. ഞങ്ങള്‍ ആരുടെ അടുത്തുനിന്നും വാങ്ങിയിട്ടുമില്ല ആര്‍ക്കും കൊടുത്തിട്ടുമില്ല. പിന്നെ എന്തിനാണ് ആധാരം. ഇത് ഞങ്ങളുടെ ഭൂമിയായിരുന്നു. പക്ഷേ ഇപ്പോ അതെല്ലാം ഞങ്ങള്‍ക്ക് പോലും അറിയാത്തവരുടെ പേരിലാണ്. ചിലര് പറയുന്നു ഞങ്ങള്‍ അവര്‍ക്ക് കൊടുത്തതാണെന്ന്. ചിലര്‍ ഇത് വേറെ ആരുടെയൊക്കെയോ കയ്യില്‍നിന്ന് വാങ്ങിയതാണെന്ന് പറഞ്ഞ് ഞങ്ങടെ ഭൂമിയില്‍ വരുന്നു. എന്ന ശെയ്യും എന്ന് എങ്കള്‍ക്ക് തെരിയില്ലപ്പാ,'' അട്ടപ്പാടിയിലെ വള്ളി പറയുന്നു.

'നഞ്ചിയമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല'; സ്വന്തം ഭൂമിക്കുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍
"ഇത് എന്റെ ഭൂമിയല്ലേ...'' അട്ടപ്പാടിയിൽ വിലയില്ലാതെ പോവുന്ന പറച്ചിലുകൾ

വള്ളിയുടെ കൈയില്‍ കുറേ രേഖകളുണ്ട്, ആ ഭൂമി അവരുടേതാണെന്ന് തെളിയിക്കുന്നത്. എന്നാല്‍ അതൊന്നും നിയമക്രകാരമുള്ള രേഖകളല്ലെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. സ്വന്തം ഭൂമി പലരുടേതായി മാറിപ്പോയ അട്ടപ്പാടിയിലെ പതിനായിരക്കണക്കിന് പേരില്‍ ഒരാളാണ് വള്ളിയും. ''ഈ രേഖകള്‍ നിയമപരമല്ലെന്ന് പറയുന്നുണ്ട്. അപ്പോ ഏത് രേഖകളാണ് നിയമപ്രകാരമുള്ളത്? ഉദ്യോഗസ്ഥര്‍ സീല് വച്ച് ഉണ്ടാക്കി കൊടുത്ത കള്ള രേഖകളോ?'' വള്ളി ചോദിക്കുന്നു.

അട്ടപ്പാടിയിലെ ആദിവാസികള്‍ 1987 മുതല്‍ തുടങ്ങിയ പോരാട്ടമാണ് ഇപ്പോഴും എങ്ങുമെത്താതെ നില്‍ക്കുന്നത്. 1986ലാണ് ഭൂമി വലിയതോതില്‍ അന്യാധീനപ്പെട്ട വിവരം പലരും അറിയുന്നത്. അന്നു മുതല്‍ ഒറ്റപ്പാലം ആര്‍ഡിഒ ഓഫിസിലും പാലക്കാട് കലക്ടര്‍ ഓഫീസിലുമായി കയറിയിറങ്ങുകയാണ് ഇവര്‍. ആദിവാസികള്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധിയുള്ള ഭൂമി പോലും സര്‍ക്കാര്‍ തിരിച്ചുപിടിച്ച് നല്‍കിയില്ല.

'നഞ്ചിയമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല'; സ്വന്തം ഭൂമിക്കുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍
മൺറോ: അതിജീവനത്തിന്റെ പുതിയ വഴികൾ

പതിനായിരക്കണക്കിന് ടി എല്‍ എ കേസുകള്‍ തീര്‍പ്പാവാതെ നില്‍ക്കുമ്പോള്‍ തന്നെ ആ കേസിലുള്‍പ്പെട്ട ഭൂമിയില്‍ വ്യാജ ആധാരങ്ങളുണ്ടായി. ഭൂമി നികുതിയടച്ച് കൈമാറ്റം നടക്കുന്നതായും പരാതി ഉയര്‍ന്നു. ഇതിനെല്ലാം റവന്യൂ അധികൃതരുടെ ഒത്താശയുണ്ടെന്നാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ പറയുന്നത്.

''ആദിവാസി ഭൂമിയാണെന്ന് രേഖകളിലുണ്ടെങ്കില്‍ പോലും ആദിവാസികള്‍ക്കു പട്ടയവും നികുതി രസീതും കൈവശാവകാശ രേഖയും നല്‍കില്ല. എന്നാല്‍ കൈയേറ്റം സംബന്ധിച്ച് പരാതി നല്‍കിയാല്‍ അപ്പോള്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ ചോദിക്കുകയും ചെയ്യും. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കോടതിയില്‍നിന്നു വരെ കയ്യേറ്റക്കാര്‍ അനുകൂല വിധി സമ്പാദിക്കുന്നു. ഇതിനെതിരെ പറയേണ്ടതും കോടതിയെ ബോധ്യപ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരാണ്. എന്നാല്‍ അവര്‍ അനങ്ങുന്നുമില്ല. ആദിവാസികള്‍ക്കു പട്ടയമോ ആധാരമോ ആവശ്യവുമില്ലെന്നത് വേറെ വസ്തുത,'' ആദിവാസി ഭൂ സംരക്ഷണ സമിതി നേതാവും ഓൾ ഇന്ത്യ ക്രാന്തികാരി കിസാൻ സഭ (എഐകെകെഎസ്) സംസ്ഥാന പ്രസിഡന്റുമായ സുകുമാരന്‍ അട്ടപ്പാടി പറയുന്നു. സ്വകാര്യ വ്യക്തികളും വന്‍കിട കമ്പനികളും ഇക്കാലത്തിനിടയില്‍ അട്ടപ്പാടിയിലെ നിരവധി ഭൂമി ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1940 വരെ ആദിവാസികള്‍ മാത്രമാണ് അട്ടപ്പാടിയിലുണ്ടായിരുന്നത്. പിന്നീട് പലയിടങ്ങളില്‍ നിന്നുമായി ഇവിടേക്ക് നിരവധി പേര്‍ കുടിയേറി പാര്‍ത്തു. എണ്‍പതുകളോടെ കയ്യേറ്റമുണ്ടെങ്കിലും 1990കളിലാണ് വ്യാപകമാവുന്നത്. രണ്ടായിരമായപ്പോഴേക്കും പലരുടെയും പാരമ്പര്യ സ്വത്തുള്‍പ്പെടെ ഭൂമാഫിയയുടെ കൈകളിലായി.

''പരാതികള്‍ കൊടുത്ത് കൊടുത്ത് ഇവിടെയുള്ളവര്‍ക്ക് മതിയായി. പണം കൊണ്ട് കായ്ക്കുന്ന മരമാണ് അട്ടപ്പാടിയിലെ റവന്യൂ ഓഫിസുകള്‍. ആദിവാസികള്‍ കൊണ്ടുവരുന്ന രേഖകളെല്ലാം വ്യാജമാണെന്ന് ചെല്ലുമ്പോഴേ അവര്‍ വിധിയെഴുതും. ആകെ 13,000 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. അവരെയെല്ലാം കൂട്ടത്തോടെ ഇവിടെനിന്ന് ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്,'' അട്ടപ്പാടി സ്വദേശി ചന്ദ്രന്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നില്‍ക്കുകയും ഉദ്യോഗസ്ഥരില്‍നിന്നും കോടതികളില്‍നിന്നും തങ്ങള്‍ക്കെതിരായി മാത്രം വിധി വരികയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ മാസം അട്ടപ്പാടിയിലെ ആദിവാസികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ ജെ ദേശായിയെ നേരില്‍ കണ്ട് പരാതി നല്‍കി. പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു പരാതി കൈമാറി തുടര്‍നടപടി വേണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. തുടര്‍ന്ന് അഭിഭാഷകര്‍ ഊരുകളിലെത്തി അന്വേഷണം നടക്കുന്നുണ്ടെന്ന് ഭൂമി നഷ്ടപ്പെട്ടവർ പറയുന്നു.

logo
The Fourth
www.thefourthnews.in