മാമുക്കോയയ്ക്ക് നാടിന്റെ യാത്രാമൊഴി; ഖബറടക്കം പത്തിന്

മാമുക്കോയയ്ക്ക് നാടിന്റെ യാത്രാമൊഴി; ഖബറടക്കം പത്തിന്

നടനെ അവസാനമായി കാണാന്‍ കലാകാരന്‍മാരുടേയും നാട്ടുകാരുടേയും വലിയ നിര തന്നെ ടൗണ്‍ഹാളിലേയ്ക്ക് എത്തി
Updated on
1 min read

മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയയ്ക്ക് ജന്മ നാടിന്റെ അന്ത്യാഞ്ജലി. സംസ്‌കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനാണ് ഖബറടക്കം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക.

അദ്ദേഹത്തെ അവസാനമായി കാണാന്‍ കലാകാരന്‍ മാരുടേയും നാട്ടുകാരുടേയും വലിയ നിര തന്നെ പൊതുദര്‍ശനം നടന്ന കോഴിക്കോട് ടൗണ്‍ഹാളിലേക്കും അദ്ദേഹത്തിന്റെ വസതിയിലും എത്തി. മലയാളികളെ നാടന്‍ ഭാഷകൊണ്ട് ചിരിപ്പിച്ച കലാകാരന്റെ ചേതനയറ്റ ശരീരം കോഴിക്കോട്ടുകാരുടെ കണ്ണുകളെ ഈറനണിയിച്ചു. സിനിമാനാടക സാസ്‌കാരിക മേഖലയിലുള്ള നിരവധി പേരാണ് നടന് അനുശോചനമര്‍പ്പിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ മാമുക്കോയ വൈക്കം മുഹമ്മദിന്റെ ശുപാര്‍ശയിലാണ് ആദ്യ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1982 ല്‍ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത 'സുറുമയിട്ട കണ്ണുകളായിരുന്നു' ആദ്യ ചിത്രം. പിന്നീടങ്ങോട്ട് തന്റേതായ ശൈലികൊണ്ട് ഹാസ്യ പരമ്പരകള്‍ തന്നെ തീര്‍ത്തു അദ്ദേഹം.

ഹാസ്യത്തിനപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്കിണങ്ങുമെന്നും തെളിയിച്ചു മാമുക്കോയ. പെരുമഴക്കാലത്തിലെ അബ്ദുവിന്റെ വിങ്ങലുകള്‍ക്കൊപ്പം മലയാളി കണ്ണുനനച്ചു. സിനിമാ സ്നേഹികളുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മാമുക്കോയയുടെ മറ്റൊരു മുഖമായിരുന്നു അത്.നായര്‍സാബ്, തലയണമന്ത്രം, റാംജിറാവ് സ്പീക്കിംഗ്, ഗോളാന്തരവാര്‍ത്ത, കണ്‍കെട്ട്, ലേലം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രലേഖ, പ്രായിക്കര പാപ്പന്‍ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളില്‍ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.സുലേഖ മന്‍സില്‍ ആണ് റിലീസായ അവസാന ചിത്രം.

logo
The Fourth
www.thefourthnews.in