തൃപ്പുണിത്തുറ പടക്കശാല സ്‌ഫോടനം; മരണം രണ്ടായി, ക്ഷേത്രം ഭാരവാഹികള്‍ക്കും കരാറുകാരനുമെതിരെ കേസ്

തൃപ്പുണിത്തുറ പടക്കശാല സ്‌ഫോടനം; മരണം രണ്ടായി, ക്ഷേത്രം ഭാരവാഹികള്‍ക്കും കരാറുകാരനുമെതിരെ കേസ്

നേരത്തെ പടക്കശാലയിലേക്ക് ഓട്ടത്തിന് എത്തിയിരുന്ന ടെമ്പോ ട്രാവലർ ഡൈവർ വിഷ്ണുവും അപകടത്തിൽ മരിച്ചിരുന്നു
Updated on
1 min read

തൃപ്പൂണിത്തുറയിൽ പടക്കശാലയിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തീവ്ര പരിചരണത്തിൽ പൊള്ളൽ ഐ സിയു വിൽ ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. 55 വയസായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ദിവാകരൻ വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. നേരത്തെ പടക്കശാലയിലേക്ക് ഓട്ടത്തിന് എത്തിയിരുന്ന ടെമ്പോ ട്രാവലർ ഡൈവർ വിഷ്ണുവും അപകടത്തിൽ മരിച്ചിരുന്നു. തിരുവനന്തപുരം ഉള്ളൂർ പോങ്ങുംമൂട് സ്വദേശിയാണ് മരിച്ച വിഷ്ണു. മൊത്തം 16 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.

തൃപ്പുണിത്തുറ പടക്കശാല സ്‌ഫോടനം; മരണം രണ്ടായി, ക്ഷേത്രം ഭാരവാഹികള്‍ക്കും കരാറുകാരനുമെതിരെ കേസ്
പടക്കശാല അനധികൃതം, ഭൂകമ്പം പോലെ പ്രകമ്പനം; തൃപ്പൂണിത്തുറ നടുങ്ങി

മൂന്ന് പേരുടെ നിലകൂടി ഗുരുതരമാണ്. തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള പടക്കവും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. രാവിലെ 10.45 ഓടെയാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തിൽ പരുക്കേറ്റ 4 പേർ കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൊല്ലം പാരിപ്പിള്ളി സ്വദേശി അനിൽ (49), മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരാണ് പൊള്ളൽ ഐസിയുവിൽ ചികിത്സയിലുള്ളത്. നേരത്തെ പടക്ക നിർമാണത്തിന് കരാറെടുത്ത തിരുവനന്തപുരം പോത്തൻകോട് സ്വദേശി ആദർശിന്റെ (അനൂപ് ) ഗോഡൗണിൽ പോത്തൻകോട് പോലീസ് പരിശോധന നടത്തിയിരുന്നു.

അതിനിടെ, പുതിയകാവ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കരിമരുന്ന് എത്തിച്ച ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെ പോലീസ് കേസെടുത്തു. പുതിയകാവ് ദേവസ്വം പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേരെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറല്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കരാറുകാരന്‍ ആദര്‍ശ് നാലാം പ്രതി.

അപകടവുമായി ബന്ധപ്പെട്ട് നേരത്തെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ കളക്ടറും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നഗര മധ്യത്തിൽ അനധിക്യതമായി പടക്കം സംഭരിച്ചെന്നാണ് ആരോപണം.

logo
The Fourth
www.thefourthnews.in