എഐ ക്യാമറ വിവാദം: എസ്ആർഐടി- ഊരാളുങ്കൽ ബന്ധത്തിൽ വിശദീകരണവുമായി ട്രോയ്‌സ് ഇൻഫോടെക്
എ ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഊരാളുങ്കലും എസ്ആര്‍ഐടി കമ്പനിയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് ട്രോയ്സ് ഇൻഫോടെക് മേധാവി ടി ജിതേഷ്. ഊരാളുങ്കൽ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടറായും ഊരാളുങ്കൽ-എസ്ആർഐടി സംയുക്ത കമ്പനിയുടെ ഡയറക്ടറായും പ്രവർത്തിച്ചതായും ട്രോയ്സ് ഇൻഫോടെകിന്റെ പേരിൽ ഇറക്കിയ വാർത്താക്കുറിപ്പിൽ ജിതേഷ് വ്യക്തമാക്കുന്നു. 2018 ൽ ട്രോയ്സ് ഇൻഫോടെക് ആരംഭിച്ച ശേഷം ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആർഐടിയുമായി നിലവിൽ സഹകരിക്കുന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു. എ ഐ ക്യാമറ കരാറുമായി ബന്ധപ്പെട്ട് എസ്ആര്‍ഐടിക്ക് ട്രോയ്സ് ഇൻഫാടെക് മാനുഫാക്ചർ ഓതറൈസേഷൻ ഫോം നൽകിയത് സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എ ഐ ക്യാമറയ്ക്ക് സാങ്കേതിക സഹായം നൽകുന്നത് ട്രോയ്സ് കമ്പനിയാണെന്നാണ് എസ്ആർഐടി അറിയിച്ചിരുന്നത്.
ട്രോയ്സ് ഇൻഫോടെക് മേധാവി ടി ജിതേഷിന്റെ വിശദീകരണത്തിന് പിന്നാലെ പദ്ധതിയുടെ ഉപകരാറുകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണവും ഊരാളുങ്കൽ ബന്ധവും കൂടുതൽ ബലപ്പെടുകയാണ്. നിലവിൽ ബന്ധമില്ലെന്ന് പറയുമ്പോഴും കരാറുണ്ടാക്കുമ്പോൾ എസ്ആര്‍ഐടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പാനലിൽ ജിതേഷ് ഉണ്ടായിരുന്നു എന്നത് എസ്ആര്‍ഐടി വെബ്സൈറ്റിൽ നിന്ന് വ്യക്തമാണ്. ക്രമവിരുദ്ധ കരാറുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നിലനിൽക്കെയാണ് ജിതേഷ് വിശദീകരണമായി രംഗത്തെത്തുന്നതെന്ന്.
അതേസമയം എ ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട എട്ട് രേഖകൾ കെൽട്രോൺ ഞായറാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ എസ്ആർഐടി ഉണ്ടാക്കിയ ഉപകരാർ വിശദാംശങ്ങളോ കരാറുകാർ സെക്യൂരിറ്റിയായി കൈമാറിയ പണത്തെ കുറിച്ചുള്ള വിശദാംശങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.