ട്രോളിങ് നിരോധനം  അവസാനിച്ചു; വെല്ലുവിളിയായി കാലാവസ്ഥ, കടലില്‍ പോകാനാവാതെ മത്സ്യത്തൊഴിലാളികള്‍

ട്രോളിങ് നിരോധനം അവസാനിച്ചു; വെല്ലുവിളിയായി കാലാവസ്ഥ, കടലില്‍ പോകാനാവാതെ മത്സ്യത്തൊഴിലാളികള്‍

കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും യാതൊരു കാരണവശാലും മീന്‍പിടിത്തം പാടില്ലെന്നാണ് മുന്നറിയിപ്പ്.
Updated on
1 min read

മണ്‍സൂണ്‍ കാലത്ത് ആഴക്കടലിലെ മത്സ്യബന്ധനം വിലക്കിക്കൊണ്ടുള്ള സംസ്ഥാനത്തെ ട്രോളിങ് നിരോധനം അവസാനിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് 52 ദിവസത്തെ ട്രോളിങ് നിരോധനം പൂര്‍ത്തിയായത്. എന്നാല്‍ കടലിലേക്ക് പോകാന്‍ തയ്യാറെടുത്ത യന്ത്രവല്‍കൃത മീന്‍പിടിത്ത ബോട്ടുകള്‍ക്ക് കാലാവസ്ഥ തിരിച്ചടിയായി.

കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും യാതൊരു കാരണവശാലും മീന്‍പിടിത്തം പാടില്ലെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും അറബിക്കടലില്‍ 1 മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലയടിച്ചേക്കും എന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും നല്‍കുന്ന മുന്നറിയിപ്പ്.

അറബിക്കടലില്‍ 1 മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലയടിച്ചേക്കും

വറുതിക്കാലത്തിന് ശേഷം വലിയ ഒരുക്കങ്ങളോടെ കാത്തിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാണ് കാലാവസ്ഥ ഉണ്ടാക്കിയത്. നീണ്ടകര, അഴീക്കല്‍, കൊച്ചി കോഴിക്കോട് സംസ്ഥാനത്തെ പ്രമുഖ ഹാര്‍ബറുകളെല്ലാം ട്രോളിങ് നിരോധനം അവസാനിക്കുന്നതിന് പിന്നാലെ സജീവമാവാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു.

പഴയ വലയും, കയറും മാറ്റി ബോട്ടുകളുടെ അറ്റകുറ്റ പണികളും തീര്‍ത്ത് തയ്യാറായിരിക്കുന്നതിനിടെയാണ് കാലാവസ്ഥ പ്രതികൂലമായത്.

അതേസമയം, വടക്കന്‍ കേരളത്തിലെ ഹാര്‍ബറുകളില്‍ നിന്ന് യന്ത്രവല്‍കൃത മീന്‍പിടിത്ത ബോട്ടുകള്‍ കടലിലിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളില്‍നിന്നുള്ള ബോട്ടുകളാണ് മീന്‍പിടിത്തം ആരംഭിച്ചത്.

കുതിച്ചുയരുന്ന ഡീസല്‍, മണ്ണെണ വിലയും മേഖലയെ പ്രതിസന്ധിയിലാക്കുന്നു.

ട്രോളിങ് നിരോധന സമയത്ത് വലിയ വെല്ലുവിളിയാണ് നേരിട്ടതെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. ചെറുവള്ളങ്ങള്‍ക്ക് വിലക്കില്ലായിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായത് മീന്‍ പിടിത്തത്തെ സാരമായി ബാധിച്ചിരുന്നു. ട്രോളിങ് നിരോധന സമയത്തെ അലവന്‍സും ഭൂരിഭാഗം പേര്‍ക്കും കിട്ടിയില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ട്രോളിങ് അവസാനിക്കുമ്പോഴും കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ മത്സ്യ ലഭ്യതയിലെ കുറവ് തുടര്‍ന്നേക്കുമെന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട്.

കുതിച്ചുയരുന്ന ഡീസല്‍, മണ്ണെണ വിലയും മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ബോട്ടുകളില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ക്ക് സബ്‌സിഡി വേണമെന്ന ആവശ്യവും ശക്തമാണ്.

logo
The Fourth
www.thefourthnews.in