ടിക്കറ്റ് ചോദിച്ചു, തൃശ്ശൂരിൽ ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

ടിക്കറ്റ് ചോദിച്ചു, തൃശ്ശൂരിൽ ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

ഒഡിഷ സ്വദേശിയായ രജനികാന്ത് എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചത്
Updated on
1 min read

തൃശ്ശൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. യാത്രക്കാരൻ പുറത്തേക്ക് തള്ളിയിട്ട ടിടിഇ കെ വിനോദാണ് മരിച്ചത്. ടിക്കറ്റ് ചോദിച്ചതിന്റെ ദേഷ്യത്തിലാണ് യാത്രക്കാരൻ ടിടിഇയെ പുറത്തേക്ക് തള്ളിയത്.

തൃശൂർ വെളപ്പായയിലാണ് സംഭവം നടന്നത്. ഒഡിഷ സ്വദേശിയായ രജനികാന്ത് എന്ന അതിഥി തൊഴിലാളിയാണ് ആക്രമിച്ചത്. പ്രതി ഇപ്പോൾ പാലക്കാട് റെയിൽവേ പൊലീസിൻറെ കസ്റ്റഡിയിലാണ്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് യാത്രക്കാരൻ ഈ ക്രൂരത കാണിച്ചത്.

എറണാകുളത്ത് നിന്ന് പാട്നയ്ക്കു പുറപ്പെട്ട പട്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. എസ് 11 കോച്ചിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയാണ് ഡ്യൂട്ടി. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്.

ടിക്കറ്റ് ഇല്ലാത്തതു കാരണം ഇവർക്ക് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോച്ചിന്റെ ഡോറിനടുത്തായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടി നിന്നിരുന്നത്. തർക്കത്തെ തുടർന്ന് രജനികാന്ത് പൊടുന്നനെ വിനോദിനെ ഡോറിനു പുറത്തേക്കു പിടിച്ചുതള്ളുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് പാലക്കാടു വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വൈകുന്നേരം 7 മണി കഴിഞ്ഞ് ട്രെയിൻ തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. വിനോദിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടരന്വേഷണവും നടപടിയും ആർപിഎഫ് ആയിരിക്കും സ്വീകരിക്കുന്നത്.

നാന സിനിമ വാരികയിൽ വിനോദും മോഹൻലാലുമൊന്നിച്ചുള്ള ചിത്രം
നാന സിനിമ വാരികയിൽ വിനോദും മോഹൻലാലുമൊന്നിച്ചുള്ള ചിത്രം

കൊല്ലപ്പെട്ട വിനോദ് ഒരു നടൻ കൂടിയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളായിരുന്നു കൂടുതലും ചെയ്തത്. മഴവിൽ മനോരമയിലെ ബാലാമണി ആണ് അവസാന സീരിയൽ. സംവിധായകന്‍ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു. ആഷിഖിന്റെ ഗ്യാങ്‌സ്റ്റര്‍ എന്ന സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്. മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍ യു, അച്ചാദിന്‍, പെരുച്ചാഴി, കസിന്‍സ്, മിസ്റ്റര്‍ ഫ്രോഡ്, രാജമ്മ @ യാഹൂ, വിക്രമാദിത്യന്‍, ഒപ്പം, പുലിമുരുകന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ല നിലാവുള്ള രാത്രിയാണ് അവസാന സിനിമ.

ടിക്കറ്റ് ചോദിച്ചു, തൃശ്ശൂരിൽ ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു
സുഗന്ധഗിരി മരംമുറിക്കേസ്: അന്വേഷണത്തിന് വിജിലന്‍സിന്റെ നാലംഗ സംഘം
logo
The Fourth
www.thefourthnews.in