തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ: ആവശ്യമെങ്കില്‍ പുള്ളിമാനുകളെയും കൃഷ്ണമൃഗങ്ങളെയും കൊന്നൊടുക്കണം
തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാന്‍ ആവശ്യമെങ്കില്‍ പുള്ളിമാനുകളേയും കൃഷ്ണമൃഗങ്ങളേയും കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കൂടുതല്‍ മൃഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സന്ദര്‍ശകരിലേക്ക് രോഗം പടരാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. രോഗബാധയുടെ ഉറവിടത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്, പഠനം നടത്തിയത്. റിപ്പോര്‍ട്ട് പഠിച്ചു വരികയാണെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന വിശദീകരണം. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചായിരിക്കും രോഗ നിയന്ത്രണത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. കഴിഞ്ഞ 10 മാസത്തിനിടെ 52 മൃഗങ്ങളാണ് ക്ഷയരോഗം മൂലം മാത്രം തിരുവനന്തപുരം മൃഗശാലയില്‍ ചത്തത്.
ക്ഷയരോഗം ബാധിച്ച് മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മന്ത്രി ചിഞ്ചു റാണി സന്ദര്‍ശനം നടത്തിയിരുന്നു. വിഷയത്തില്‍ മന്ത്രി നേരത്തെ മൃഗശാല ഡയറക്ടറോട് വിശദീകരണവും തേടിയിരുന്നു. അതേസമയം, മൃഗശാലയില്‍ അടുത്തിടെയായി മാനും കൃഷ്ണമൃഗങ്ങളും ചത്ത സംഭവം ശരിയാണ്. എന്നാല്‍ മൃഗശാല അടച്ചിടേണ്ടെന്നാണ് തീരുമാനമെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്.
കൃഷ്ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്ന് ഔദ്യോഗികമായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. സ്വപ്‌നയും സംഘവും പരിശോധന ശക്തമാക്കിയിരുന്നു. മൃഗങ്ങളിൽ രോഗ ലക്ഷണം കണ്ടാൽ അവയെ എത്രയും പെട്ടെന്നു കൂട്ടത്തിൽനിന്നു മാറ്റിനിർത്തി പരിചരിക്കണമെന്ന് സംഘം നിർദേശിച്ചിരുന്നു. നിലവിൽ 52 കൃഷ്ണമൃഗങ്ങളും 166 പുള്ളിമാനുകളുമാണ് മൃഗശാലയിലുള്ളത്. വൃത്തിഹീനമായ സാഹചര്യങ്ങൾ കാരണം രോഗം പരത്തുന്ന ഈച്ചകളുടെ ശല്യം മൃഗശാലയിൽ വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്.