'നേരം വെളുക്കുന്നതുവരെ തല്ലി, ഫോൺ എറിഞ്ഞു പൊട്ടിച്ചു'; ട്വന്റിഫോർ റിപ്പോർട്ടർ റൂബിൻ ലാലിന് കസ്റ്റഡിയിൽ ക്രൂര മർദനം
വനം വകുപ്പ് നൽകിയ പരാതിയിൽ പോലീസ് അറസ്റ്റു ചെയ്ത ട്വന്റി ഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചതായും മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചതായും പരാതി. കാട്ടുപന്നിയെ വണ്ടിയിടിച്ച സംഭവത്തിൽ വനം വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് റൂബിൻ നേരത്തെ വാർത്ത ചെയ്തിരുന്നു. പിന്നീട് കാട്ടുപന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് നിന്ന് മാറ്റുന്ന ദൃശ്യങ്ങൾ പകർത്താൻ റൂബിൻ ശ്രമിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ തടയുകയും ചെയ്യുന്നതിൽ നിന്നാണ് സംഭവങ്ങൾ ആരംഭിക്കുന്നത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നു കാണിച്ച് വനം വകുപ്പ് കേസെടുക്കുകയും, പോലീസിന് പരാതി നൽകുകയും ചെയ്തു. ഇന്നലെ രാത്രി വീട്ടിൽ നിന്നും പോലീസ് പിടിച്ചുകൊണ്ടു പോയ തന്നെ രാത്രി മുഴുവൻ അടിവസ്ത്രത്തിൽ നിർത്തി മർദിക്കുകയായിരുന്നു എന്നും റൂബിൻ കോടതിയിൽ പറഞ്ഞു.
റോഡിൽ എറിഞ്ഞു പൊട്ടിച്ച മൊബൈൽ ഫോൺ കണ്ണംകുഴി തോട്ടിലേക്ക് എറിഞ്ഞെന്നാണ് റൂബിൻ പറയുന്നത്. ഫോണിൽ വനം വകുപ്പിനെതിരെയുള്ള നിർണായക വിവരങ്ങളുണ്ടായിരുന്നു എന്നും പറയുന്നു. സിഐ ആൻഡ്രിക് ഗ്രോമിക്ക് തന്നെ മർദിച്ചു എന്നും വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്ന റൂബിൻ നേരം വെളുക്കുന്നതു വരെ പോലീസ് തല്ലിയെന്നും പറയുന്നു.
ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയിൽ വാഹനമിടിച്ച് പരുക്കേറ്റ പന്നിയുടെ ദൃശ്യങ്ങളെടുക്കാൻ റൂബിൻ ലാൽ എത്തിയത്. വനം വകുപ്പുമായും വന്യജീവി ശല്യവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ നൽകുന്ന റൂബിനെതിരെ നേരത്തെ തെന്നെ വനം വകുപ്പ് കേസുകൾ എടുത്തിട്ടുണ്ട്. പോലീസും വനം വകുപ്പും ചേർന്ന് തന്നോടുള്ള മുൻവൈരാഗ്യം തീർക്കുകയായിരുന്നു എന്നാണ് റൂബിന്റെ പക്ഷം.