സ്കൂള്‍ കായിക മേളയ്ക്കിടെ മരക്കൊമ്പ് പൊട്ടിവീണ് അപകടം; രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരുക്ക്

സ്കൂള്‍ കായിക മേളയ്ക്കിടെ മരക്കൊമ്പ് പൊട്ടിവീണ് അപകടം; രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരുക്ക്

കാണികൾ ഓടിമാറിയതു കൊണ്ട് വൻ അപകടം ഒഴിവായി.
Updated on
1 min read

സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല ഒടിഞ്ഞുവീണ് അപകടം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രണ്ട് കുട്ടികൾക്കും പരിശീലകനുമാണ് പരുക്കേറ്റത്. കാണികൾ ഓടിമാറിയതു കൊണ്ട് വൻ അപകടം ഒഴിവായി. ആരുടെയും പരുക്ക് ഗുരുതരമല്ല.

എറണാകുളത്തെ ശാലോം ഹൈ സ്കൂളിലെ വിദ്യാർത്ഥി അഫിത കെ പിയാണ് പരിക്കേറ്റ പരുക്കേറ്റ വിദ്യാര്‍ഥി. മരം വീണപ്പോൾ ഭയന്ന് കുഴഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം. അഫിതയുടെ മത്സര ഇനങ്ങൾ ഇന്നലെ കഴിഞ്ഞിരുന്നു.

അതേസമയം, അപകടത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ഭയപ്പെടാൻ ഒന്നുമില്ലെന്നും അപകടത്തിൽ നിസാര പരിക്കുകളാണ് വിദ്യാർത്ഥികൾക്കുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് പിന്നാലെ അഗ്നിശമന സേനയെത്തി പൊട്ടിവീണ മരച്ചില്ല മുറിച്ചു നീക്കി.

അതേസമയം, സംസ്ഥാന സ്കൂള്‍ കായികമേളയില്‍ രണ്ടാം ദിനത്തിലും ആദ്യ സ്വര്‍ണം പാലക്കാട് ജില്ല സ്വന്തമാക്കി. 5,000 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ നടത്തത്തില്‍ എച്ച്.എസ്.എസ് മുണ്ടൂരിന്‍റെ ജി. ആകാശാണ് സ്വര്‍ണം നേടിയത്.

എന്നാൽ വേഗതാരങ്ങളാരൊക്കെയെന്ന് ഇന്നറിയാം. വൈകിട്ട് ആറ് മുതലാണ് ആറ് വിഭാഗങ്ങളിലേയും 100 മീറ്റര്‍ ഓട്ട മത്സരങ്ങള്‍ അരങ്ങേറുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സ്,ഹൈജംപ്,ഷോട്പുട് എന്നിവയുള്‍പ്പെടെ 22 ഇനങ്ങളുടെ ഫൈനലാണ് ഇന്ന് നടക്കുന്നത്. നിലവില്‍ പോയിന്റ് അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് പാലക്കാടും രണ്ടാമത് എറണാകുളം ജില്ലയുമാണ്.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കായികോത്സവം നടത്തുന്നത് . തലസ്ഥാന നഗര മധ്യത്തിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും യൂണിവേഴ്സിറ്റി സ്റ്റേഡിയവുമാണ് നാലു ദിവസം നീളുന്ന 64–ാം സ്കൂൾ കായികമേളയുടെ വേദികൾ. 14 ജില്ലാ ടീമുകളിലായി മത്സരിക്കാൻ എത്തുന്നത് 2737 താരങ്ങൾ. 86 വ്യക്തിഗത ഇനങ്ങളിലുൾപ്പെടെ 98 ഇനങ്ങളിലാണ് 6 വിഭാഗങ്ങളിലെ മത്സരം. മേളയുടെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഫ്ലഡ്‌ലൈറ്റിൽ രാത്രിയും മത്സരങ്ങളുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്ഫോമുകളിലൂടെയും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in