സ്വിഫ്റ്റിന് പുതിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍; സര്‍വീസ് ഈ മാസം ആരംഭിക്കും
യാത്രാസുഖവും മികച്ച സര്‍വീസും കൊണ്ടു വച്ചു ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് പുതിയ മോഡല്‍ ബസുകള്‍ കൂടി എത്തുന്നു. ഗജരാജ എന്ന സ്ലീപ്പര്‍ ബസിനും ഗരുഡ എന്ന എസി സീറ്റര്‍ ബസുകള്‍ക്കുമിടയില്‍ ഹൈബ്രിഡ് എന്ന പുതിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളാണ് സ്വിഫ്റ്റിനായി ഒരുങ്ങുന്നത്. ബസുകളുടെ റൂട്ടിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്ത് ഈ മാസം മുതല്‍ തന്നെ സര്‍വീസ് ആരംഭിക്കാനാണ് സ്വിഫ്റ്റ് മാനേജ്‌മെന്റിന്റെ തീരുമാനം.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ രണ്ടു ബസുകളാണ് നിരത്തിലിറക്കാന്‍ സ്വിഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ഒരെണ്ണം എസിയും മറ്റൊന്ന് നോണ്‍ എസി ബസുമായിരിക്കും. നിലവില്‍ ഗജരാജ എന്ന പേരില്‍ വോള്‍വോയുടെ എസി സ്ലീപ്പര്‍ ബസുകള്‍, അശോക് ലെയ്‌ലാന്‍ഡ് കമ്പനിയുടെ ഗരുഡ എസി സീറ്റര്‍ ബസുകള്‍, നോണ്‍ എസി സീറ്റര്‍ ബസുകള്‍, സൂപ്പര്‍ഫാസ്റ്റുകള്‍ എന്നിവയാണ് സ്വിഫ്റ്റിനായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത്. ഇവയെക്കൂടാതെ തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളും നടത്തുന്നുണ്ട്. ഈ നിരയിലേക്കാണ് രണ്ട് പുത്തന്‍ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളും എത്തുന്നത്.
താഴെ നിരയില്‍ സീറ്റുകളും അപ്പര്‍ ഡെക്കില്‍ കിടക്കകളുമുള്ള സീറ്റിങ് ക്രമീകരണമാണ് ബസില്‍ ഒരുക്കുന്നത്. മികച്ച യാത്രാസുഖം സമ്മാനിക്കുന്ന എയര്‍ സസ്‌പെന്‍ഷന്‍, റിക്ലയിനിങ് സീറ്റുകള്‍, എല്ലാ സീറ്റുകള്‍ക്കു സമീപവും ചാര്‍ജിങ് പോയിന്റുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ വാഹനത്തിലുണ്ടാകും. ബസുകളുടെ നിര്‍മാണം ബംഗളുരുവിലെ പ്ലാന്റില്‍ അന്തിമഘട്ടത്തിലാണ്. 10 ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തെത്തും.
പരീക്ഷണാടിസ്ഥാനത്തില്‍ എത്തുന്ന സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ക്ക് പുറമേ 113 ഇലക്ട്രിക് ബസുകളും വരും മാസങ്ങളില്‍ സ്വിഫ്റ്റിന്റെ നിരയിലെത്തും. 2022 ഏപ്രില്‍ 11നാണ് സ്വിഫ്റ്റിന്റെ 116 ഡീസല്‍ ബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. ആദ്യഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രം നടത്തിയിരുന്ന സ്വിഫ്റ്റ് പിന്നീട് സിറ്റി സര്‍ക്കുലര്‍ സര്‍വീസും ഏറ്റെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ തന്നെ ഈ വര്‍ഷം ഏപ്രിലില്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളും സ്വിഫ്റ്റ് ഏറ്റെടുത്തു. ഏപ്രില്‍ നാലിന് 131 സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് സ്വിഫ്റ്റ് നിരത്തിലിറക്കിയത്.