കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ചു ; ഗര്‍ഭിണിയടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ചു ; ഗര്‍ഭിണിയടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്
Updated on
1 min read

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷയും ഭര്‍ത്താവ് പ്രജിത്തുമാണ് മരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. പ്രസവത്തിനായി റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് അപകടം . ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്.

പിന്‍ സീറ്റിലിരുന്ന ഒരു കുട്ടിയടക്കം നാലുപേരെ പരുക്കുകളോടെ രക്ഷപെടുത്തി. റിഷയുടെയും പ്രജിത്തിന്റെയും മകള്‍ ശ്രീ പാര്‍വതിയും റിഷയുടെ മാതാപിതാക്കളും ഇളയമ്മയുമാണ് കാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. കാറിന് മുന്‍ഭാഗത്ത് നിന്നാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നതിനാലാണ് റീഷയെ രക്ഷപെടുത്താന്‍ കഴിയാഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുന്നിലെ ഡോര്‍ ലോക്ക് ആയതിനാൽ രണ്ടു പേര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയുമായിരുന്നു. തീ അണച്ച് ഇരുവരെയും പുറത്തേക്ക് എത്തിക്കുമ്പോഴേക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രക്ഷപ്പെട്ട നാല് പേര്‍ക്കും സാരമായ പരുക്കുകളില്ല. നാല് പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കത്തിയ കാറിന് രണ്ട് വര്‍ഷം മാത്രമാണ് പഴക്കം ഉണ്ടായിരുന്നത്. എഞ്ചിന്‍ ഭാഗത്ത് തീ പിടിച്ചിട്ടില്ല. കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമെന്ന് പ്രാഥമിക നിഗമനം. അപകടകാരണം കണ്ടെത്താന്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്

logo
The Fourth
www.thefourthnews.in