നൈജീരിയന്‍ സ്വദേശികള്‍
നൈജീരിയന്‍ സ്വദേശികള്‍

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് പണം തട്ടി; രണ്ട് നൈജീരിയന്‍ സ്വദേശികള്‍ പിടിയില്‍

70 ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്
Updated on
1 min read

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് ഓണ്‍ലൈന്‍ വഴി പണം തട്ടിയ സംഭവത്തില്‍ രണ്ട് നൈജീരിയന്‍ പൗരന്‍മാര്‍ പിടിയില്‍. ഇമ്മാക്കുലേറ്റ് ചിന്നസ, ഇഖെന്ന കോസ്മോസ എന്നിവരെയാണ് മലപ്പുറം പോലീസ് ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്. നാല് ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്നായി 70 ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.

പ്രതികള്‍ പിടിയിലായത് പണം തട്ടാന്‍ ഉപയോഗിച്ച വ്യാജ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍

അക്കൗണ്ട് ഉടമകളുടെ മൊബൈല്‍ നമ്പറിന് പകരം വ്യാജ ഫോണ്‍ നമ്പറുകള്‍ നല്‍കി, അതിലേക്ക് ഒടിപി വരും വിധം ക്രമീകരിച്ചായിരുന്നു തട്ടിപ്പ്. ഇത് കണ്ടെത്തിയ ബാങ്ക് മാനേജര്‍ അബ്ദുള്‍ നാസറാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. മലപ്പുറം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. പണം തട്ടാന്‍ ഉപയോഗിച്ച വ്യാജ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

ബിഹാര്‍, മിസോറം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് തുടങ്ങിയ 19 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പ്രതികള്‍ പണം മാറ്റിയതെന്ന് പോലീസ് പറയുന്നു. തട്ടിയെടുത്ത പണം ഡല്‍ഹി, മുബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലെ എടിഎമ്മുകള്‍ വഴി പിന്‍വലിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്ക് കമ്മീഷനായി നല്‍കിയെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ബാക്കി തുക നൈജീരിയയിലേക്ക് അയച്ചതായും പ്രതികള്‍ സമ്മതിച്ചു.

തട്ടിപ്പില്‍ മൊബൈല്‍ ബാങ്കിങ് സെര്‍വര്‍ കൈകാര്യം ചെയ്തിരുന്ന പ്രൈവറ്റ് കമ്പനികള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

logo
The Fourth
www.thefourthnews.in