താനൂർ ബോട്ട് അപകടം: അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

താനൂർ ബോട്ട് അപകടം: അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തുറമുഖ ഓഫീസുകളിൽ നിന്ന് അറ്റ്ലാൻറിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു
Updated on
1 min read

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ട് ദുരന്തത്തിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ചീഫ് സര്‍വെയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്.

ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന് സർവീസ് നടത്താൻ ക്രമവിരുദ്ധമായി സഹായം ചെയ്തെന്ന് കണ്ടെത്തിയതോടെ ഐപിസി 302,337,338 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  ബേപ്പൂർ, ആലപ്പുഴ തുറമുഖ ഓഫീസുകളിൽ നിന്ന് അറ്റ്ലാൻറിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഈ രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ  വിശദമായ അന്വേഷണത്തിനൊടുവിലാണ് രണ്ട് ഉദ്യോഗസ്ഥരും അറസ്റ്റിലായത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ബോട്ടിന് ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പരിശോധന നടത്തേണ്ടത് ചീഫ് സര്‍വെയറുടെ ഉത്തരവാദിത്തമാണ്

മത്സ്യബന്ധന ബോട്ടായിരുന്ന അറ്റ്ലാന്റിക്കിന് പുതിയ ബോട്ടെന്ന നിലയിലാണ്  അനുമതി നല്‍കിയത്. ബോട്ടിന് ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഓരോഘട്ടത്തിലും പരിശോധന നടത്തേണ്ടത് ചീഫ് സര്‍വെയറുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ഒന്നുമുണ്ടായില്ല.

മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാര ബോട്ടാക്കി മാറ്റിയ വിവരം രേഖകളില്‍ നിന്ന് ഒഴിവാക്കി. പിന്നീട് മുകള്‍ത്തട്ടിലേക്ക് സ്റ്റെപ്പുകൾ നിര്‍മ്മിച്ച കാര്യം പോലും സര്‍വെയര്‍ പരിശോധിച്ചില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പുളള ചിത്രങ്ങളില്‍ മുകള്‍ തട്ടിലേക്കുളള പടികളുണ്ട്. മുകള്‍ തട്ടില്‍ യാത്രക്കാരെ കയറ്റിയത് അപകടത്തിന് പ്രധാന കാരണമായിരുന്നു.

ബേപ്പൂരിലെ തുറമുഖ ഓഫീസിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ബോട്ടിന്റെ രേഖകളിലും പരാതി ലഭിച്ച കാര്യം ഉൾപ്പെടുത്തിയിട്ടില്ല

ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, ബോട്ടുടമ നാസറിനെ സഹായിച്ചെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബോട്ടിന്റെ നിർമ്മാണഘട്ടത്തിൽ തന്നെ പരാതി ലഭിച്ചിട്ടും ഇത് ഗൗരവത്തിൽ എടുത്തില്ല. ബേപ്പൂരിലെ തുറമുഖ ഓഫീസിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത രേഖകളിലും പരാതി ലഭിച്ച കാര്യം ഉൾപ്പെടുത്തിയിട്ടില്ല.

ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയായിരുന്നു സര്‍വീസ്. ലൈസന്‍സിനുള്ള അപേക്ഷയില്‍ ഫയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസാദ് നാസറിന്  അയച്ചുകൊടുത്തതായും തെളിഞ്ഞിട്ടുണ്ട്. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in