ആശ്വാസം; തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി
തിരുവനന്തപുരം പേട്ടയില്‍ നിന്നു കാണാതായ അതിഥി തൊഴിലാളി ദമ്പതികളുടെ മകളെ 19 മണിക്കൂറിനു ശേഷം കണ്ടെത്തി. രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഓടയില്‍ ഉപേക്ഷിച്ച നിലയിലാണ് രണ്ടു വയസുകാരിയെ കണ്ടെത്തിയത്. രാവിലെ പോലീസ് ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നതാണ്. തട്ടിക്കൊണ്ടുപോയവര്‍ രാത്രിയോടെ കുട്ടിയെ ഈ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാനാണ് സാധ്യതയെന്നു പോലീസ് പറഞ്ഞു.
മണ്ണന്തല പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജനോഷാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്ന ടെന്റിന് അര കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയ സ്ഥലം. കാടുപിടിച്ച ഓടയ്ക്കുള്ളില്‍ അബോധാവസ്ഥയില്‍ മലര്‍ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്.
കുട്ടി നിലവില്‍ എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുഞ്ഞിന് മാനസിക പിന്തുണ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്‌റബീന ദേവി ദമ്പതികളുടെ രണ്ടുവയസുകാരിയായ മകള്‍ മേരിയെ ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് കാണാതായത്. പേട്ട ഓള്‍ സെയ്ന്റ്സ് കോളേജിന് സമീപത്തു മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പോലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു. അര്‍ധരാത്രിയോടെ സംശയം ഉളവാക്കുന്ന തരത്തില്‍ ഒരു സ്‌കൂട്ടര്‍ അതുവഴി കടന്നുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.
ട്രെയിന്‍ മാര്‍ഗം കുട്ടിയെ കടത്തികൊണ്ടുപോകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വേ പോലീസിന്റെ സഹായവും സംസ്ഥാന പോലീസ് തേടിയിരുന്നു. കുട്ടിയെ കണ്ടുകിട്ടിയ പ്രദേശത്ത് പകല്‍ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തിരിച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല.