യൂസഫ്
യൂസഫ്

കൊച്ചി ഊബര്‍ ടാക്‌സി പീഡനം; പോക്സോ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും

നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ ഊബര്‍ പോലുള്ള കമ്പനികള്‍ നല്‍കുന്നുണ്ടെങ്കിലും ഈ കേസിലെ പ്രതിയുടെ കുറ്റകൃത്യം അതിനെല്ലാം ഒരു അപവാദമായി മാറിയെന്ന് കോടതി
Updated on
1 min read

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഊബര്‍ ടാക്‌സിയില്‍ വച്ച് പീഡിപ്പിച്ച ഡ്രൈവര്‍ക്ക് 5 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച് എറണാകുളം പോക്‌സോ കോടതി. ഏലൂര്‍ സ്വദേശി യൂസഫിനെ (52) ആണ് 2019 ജൂലൈയില്‍ നടന്ന കേസിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഊബര്‍ ടാക്‌സിയില്‍ കയറിയ പെണ്‍കുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത തൃക്കാക്കര പോലീസ് ഉടന്‍തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2019 ജൂലൈയില്‍ നടന്ന സംഭവമാണ് കേസിന് ആധാരം

ഒരുപാട് പെണ്‍കുട്ടികളും സ്ത്രീകളും രാത്രിയിലും മറ്റു സമയത്തും സഞ്ചരിക്കുന്നതിനായി ഊബര്‍ ടാക്‌സിയെ ആശ്രയിക്കുന്നവരാണ്. നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ ഊബര്‍ പോലുള്ള കമ്പനികള്‍ നല്‍കുന്നുണ്ടെങ്കിലും ഈ കേസിലെ പ്രതിയുടെ കുറ്റകൃത്യം അതിനെല്ലാം ഒരു അപവാദമായി മാറിയെന്നും കോടതി നിരീക്ഷിച്ചു.

ഒരുതരത്തിലുള്ള ദയയും പ്രതി അര്‍ഹിക്കാത്തത് കൊണ്ടാണ് പരമാവധി ശിക്ഷ നല്‍കുന്നത് എന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് മുതിരുന്നവര്‍ക്ക് ഈ കേസിലെ പ്രതിക്ക് നല്‍കിയ ശിക്ഷ ഒരു പാഠം ആവണമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തൃക്കാക്കര എസ്‌ഐ ആയിരുന്ന പി പി ജസ്റ്റിന്‍ ആണ് പ്രതിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.

logo
The Fourth
www.thefourthnews.in