ദയാബായിയുടെ സമരം കാണാതിരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ സാധിക്കുന്നു? സമരത്തെ യുഡിഎഫ്  പിന്തുണയ്ക്കുമെന്ന് വി ഡി സതീശന്‍

ദയാബായിയുടെ സമരം കാണാതിരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ സാധിക്കുന്നു? സമരത്തെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് വി ഡി സതീശന്‍

സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
Updated on
1 min read

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. ദയാബായിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് സമരത്തിന് പിന്തുണ അറിയിച്ചത്. ദയാബായിയുടെ ന്യായമായ സമരത്തെ കാണാതരിക്കാന്‍ സര്‍ക്കാരിന് എങ്ങിനെ സാധിക്കുന്നുവെന്ന് വി ഡി സതീശന്‍ ചോദിച്ചു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ല. ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദയാബായിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ചോദിച്ച വി ഡി സതീശന്‍, പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി മന്ത്രിമാര്‍ ആശുപത്രിയിലെത്തി ദയാബായിയെ സന്ദര്‍ശിച്ചു. എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടാണ് ദയാബായി സ്വീകരിച്ചത്. സമര സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിമാര്‍ നല്‍കിയ ഉറപ്പ് രേഖാമൂലം ലഭിച്ചില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദയാബായി നിരാഹാര സമരത്തിലേക്ക് കടന്നത്.

logo
The Fourth
www.thefourthnews.in