കേരളം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയില്‍, കിഫ്ബിയുടെ കെെയിലുള്ളത് 3400 കോടി മാത്രം; യുഡിഎഫ് ധവള പത്രം പുറത്തിറങ്ങി
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചു കൊണ്ടുള്ള യുഡിഎഫ് ധവള പത്രം പുറത്തിറക്കി. ''കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍'' എന്ന പേരിലുള്ള ധവള പത്രം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പുറത്തിറക്കിയത്. കേരളം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിന്റെ തെളിവുകള്‍ സഹിതമാണ് ധവള പത്രം തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ധനമന്ത്രിയുടെ വാദങ്ങള്‍ പൂർണമായും തള്ളുകയാണ് ധവള പത്രം. കിഫ്ബി പൂര്‍ണ പരാജയമാണ്. കിഫ്ബിയുടെ കെെയില്‍ 3400 കോടി മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും കടം എടുക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ധവള പത്രം പറഞ്ഞുവെയ്ക്കുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ കടം നാല് ലക്ഷം കോടിയില്‍ എത്തും. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശമാനത്തില്‍ താഴെ നില്‍ക്കണമെന്നും ധവളപത്രം നിര്‍ദേശിക്കുന്നു.
ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കാരണം സംസ്ഥാനം തകര്‍ന്നതായും കുറ്റപ്പെടുത്തല്‍
കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2027 ല്‍ 38.2 ശതമാനം ആകുമെന്നാണ് ആര്‍ബിഐ പ്രവചിച്ചത്. അതിനെ കവച്ച് ഇപ്പോള്‍ തന്നെ 39.1 ശതമാനത്തില്‍ എത്തിയിരിക്കുന്നു. വലിയ സംസ്ഥാനങ്ങളേക്കാള്‍ അപകടകരമായ സ്ഥിതിയാണിത്. ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണെന്നും ധവള പത്രത്തില്‍ വിമര്‍ശനമുണ്ട്. ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കാരണം സംസ്ഥാനം തകര്‍ന്നതായും കുറ്റപ്പെടുത്തുന്നു. മുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2019ല്‍ യുഡിഎഫ് പുറത്തിറക്കിയ ഒന്നാം ധവളപത്രത്തില്‍ പ്രവചിച്ചത് പോലെ കിഫ്ബി നിര്‍ജീവമായതായും ചൂണ്ടി കാണിക്കുന്നു
2019 ല്‍ യുഡിഎഫ് പുറത്തിറക്കിയ ഒന്നാം ധവളപത്രത്തില്‍ പ്രവചിച്ചത് പോലെ കിഫ്ബി നിര്‍ജീവമായതായും ചൂണ്ടി കാണിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കിഫ് ബിയുടെ പക്കല്‍ ഇപ്പോള്‍ 3419 കോടി മാത്രമാണ് ഉള്ളത്. ഇതുകൊണ്ട് എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ധവളപത്രത്തില്‍ ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയും ധവള പത്രത്തില്‍ കടുത്ത വിമര്‍ശനമാണുള്ളത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ശബരിനാഥന്‍, സിഎംപി നേതാവ് സി പി ജോണ്‍, ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി, പി സി തോമസ്, എന്‍ ഷംസുദ്ദീന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവർ അംഗങ്ങളായ യുഡിഎഫ് ഉപസമിതിയാണ് ധവളപത്രം തയ്യാറാക്കിയത്.