പ്രിയാ വർഗീസ്
പ്രിയാ വർഗീസ്

ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് യുജിസി; പ്രിയാ വര്‍ഗീസിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കും തിരിച്ചടി

പ്രിയാ വര്‍ഗീസിന്റെ നിയമനം നടത്തുന്നത് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി ഒരുമാസത്തേക്ക് കൂടി നീട്ടി
Updated on
2 min read

കണ്ണൂര്‍ സര്‍വകലാശാല പഠന വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രിയാ വര്‍ഗീസിനും സര്‍വകലാശാലയ്ക്കും തിരിച്ചടി. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് യുജിസി വ്യക്തമായി. കേസ് പരിഗണിക്കവെ ഹൈക്കോടതിയിലാണ് യുജിസി നിര്‍ണായക നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് യുജിസിയോട് നിര്‍ദേശിച്ചു. ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാത്തപക്ഷം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പ്രിയാ വര്‍ഗീസിന് ഉണ്ടാകില്ല.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയാ വര്‍ഗീസിനെ അനധികൃതമായി സര്‍വകലാശാലാ പഠനവകുപ്പിലെ മലയാളം വിഭാഗത്തില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്നായിരുന്നു ഉയര്‍ന്നു വന്ന ആരോപണം. റാങ്ക് പട്ടികയില്‍ ഒന്നാമതായ പ്രിയയ്ക്ക് അടിസ്ഥാന യോഗ്യത പോലുമില്ലെന്നായിരുന്നു ആക്ഷേപം. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ് ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് യു ജി സിയുടെ അഭിഭാഷകന്‍ നിലപാട് വിശദീകരിച്ചത്. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് നിര്‍ദേശിച്ചു.

പ്രിയാ വർഗീസ്
നിയമന വിവാദം:ആരോപണത്തെ പ്രതിരോധിച്ച് പ്രിയ വര്‍ഗീസും സര്‍വകലാശാലയും: 'റിസര്‍ച്ച് സ്‌കോറിന് വലിയ പ്രാധാന്യമില്ല'

യു ജി സിയുടെ വാദം വസ്തുതാപരമായും നിയമപരമായും തെറ്റാണെന്ന് പ്രിയ വര്‍ഗീസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. യുജിസിയുടെ മാനദണ്ഡത്തില്‍ തന്നെ പ്രവൃത്തി പരിചയത്തില്‍ ഇളവു നല്‍കുന്ന വ്യവസ്ഥയുണ്ടെന്നും മറുപടി വാദത്തിനായി സമയം വേണമെന്നും പ്രിയ വര്‍ഗീസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 16 ലേക്ക് മാറ്റി.

ഗവേഷണത്തിന്റെ ഭാഗമായ ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിനുവേണ്ടി അവധിയെടുത്ത മൂന്ന് വര്‍ഷകാലയളവും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്‌റസ് സര്‍വീസ് ഡയറക്ടറായ രണ്ട് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലയളവും അധ്യാപന പരിചയമായി കാണിച്ചിരുന്നു

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ചുരുങ്ങിയത് എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് അടിസ്ഥാന യോഗ്യത. കേരള വര്‍മ കോളേജില്‍ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ പ്രിയാ വര്‍ഗീസ് ഗവേഷണത്തിന്റെ ഭാഗമായ ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിനുവേണ്ടി അവധിയെടുത്ത മൂന്ന് വര്‍ഷ കാലയളവും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്‌റസ് സര്‍വീസ് ഡയറക്ടറായ രണ്ട് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലയളവും അധ്യാപന പരിചയമായി കാണിച്ചിരുന്നു. ഈ അഞ്ച് വര്‍ഷം ഉള്‍പ്പെടുത്തിയാല്‍ മാത്രമേ പ്രിയയ്ക്ക് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടാകൂ. അതായത് യുജിസി നിലപാട് കോടതി ശരിവെച്ചാല്‍ പ്രിയാ വര്‍ഗീസിന് നിയമനം നല്‍കാനുള്ള കണ്ണൂര്‍ സര്‍വകലാശാല തീരുമാനം റദ്ദാക്കേണ്ടി വരും.

സർവകലാശാലയുടെ വിശദീകരണം

പ്രിയാ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സ്റ്റാൻഡിങ് കൗൺസലിന്റെ അഭിപ്രായം തേടിയിരുന്നെന്നും ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നാണ് ലഭിച്ച നിയമോപദേശമെന്നുമാണ് കണ്ണൂർ സർവകലാശാല വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനായി 18-02-2022ന് യുജിസി ചെയർമാന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും സർവകലാശാല അറിയിച്ചു. യുജിസി നിലപാട് അറിയിക്കാത്ത സാഹചര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമാഭിപ്രായം തേടിയെന്നും സർവകലാശാല സ്റ്റാന്റിങ് കൗൺസിൽ നൽകിയ അഭിപ്രായത്തോട് എജി യോജിച്ചെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍ സര്‍വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള റാങ്ക് പട്ടിക ജൂണ്‍ 27നാണ് പ്രസിദ്ധീകരിച്ചത്. പ്രിയയ്ക്ക് മതിയായ യോഗ്യതകള്‍ ഇല്ലെന്നും, കൂടുതല്‍ യോഗ്യതയുള്ളവരെ ഒഴിവാക്കിയാണ് ഒന്നാം റാങ്ക് നല്‍കിയതെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. ഇതേ തുടർന്ന് നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തിരുന്നു. പ്രഥമദൃഷ്ട്യാ ചട്ടലംഘനം ബോധ്യപ്പെട്ടെന്നും പ്രിയയ്ക്ക് അടിസ്ഥാന യോഗ്യത പോലുമില്ലെന്നും ഗവർണർ പരസ്യം പ്രതികരണവും നടത്തി.

logo
The Fourth
www.thefourthnews.in