ഊരാളുങ്കലിന്റെ അവകാശവാദം തെറ്റ്; എസ്ആർഐടി - യുഎൽസിസി കമ്പനി ഇപ്പോഴും സജീവം
കേരളത്തിലെ റോഡുകളിൽ നിരീക്ഷണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാനുള്ള കരാർ കെൽട്രോൺ വഴി നേടിയ എസ് ആർ ഐ ടി എന്ന ബെംഗളൂരു കമ്പനിക്ക് നിലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുമായി (ULCCS) ബന്ധമില്ലെന്ന അവകാശവാദം തെറ്റെന്ന് രേഖകൾ. ഊരാളുങ്കലും ബെംഗളൂരു കമ്പനിയും ചേർന്ന് രൂപീകരിച്ച ULCCS SRIT എന്ന സംയുക്ത കമ്പനി ഇപ്പോഴും സജീവമാണെന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ രേഖകൾ വ്യക്തമാക്കുന്നു.
ULCCS SRIT-യുടെ ദൗത്യം 2018-ൽ അവസാനിക്കുകയും സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തെന്നും ULCCS SRIT ഇപ്പോൾ നിലവിലില്ലെന്നും ഊരാളുങ്കൽ ഇന്ന് രാവിലെ ഒരു വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. “എ ഐ ക്യാമറ പദ്ധതിയുമായി ULCCSന് ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും ULCCSന്റെ ഡയറക്ടർമാരും അല്ല. ബെംഗളൂരു ആസ്ഥാനമായ എസ് ആർ ഐ ടി (SRIT India Pvt Ltd.) ഒരു ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്ക് നല്കി. ഇതിനായി അന്ന് ഈ രണ്ട് സ്ഥാപനങ്ങളും ചേർന്ന് സംയുക്ത സംരംഭം രൂപവത്കരിച്ചു. അതിൻ്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനത്തിലെയും ഡയറക്ടർമാർ അതിൽ അംഗങ്ങളായിരുന്നു,” - ഊരാളുങ്കൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിൽ നിന്ന് ലഭ്യമായ രേഖകൾ അനുസരിച്ച് 2022 മാർച്ച് 31 വരെയുള്ള ബാലൻസ് ഷീറ്റ് കമ്പനി ഫയൽ ചെയ്തിട്ടുണ്ട്. 2022 ഒക്ടോബർ 30ന് കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗവും ചേർന്നിട്ടുണ്ട്. കമ്പനിയുടെ സ്റ്റാറ്റസ് ‘ആക്റ്റീവ്’ എന്നും വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി ഇപ്പോഴും സംയുക്ത കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ്. ഈ വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ “പ്രവർത്തനം അവസാനിപ്പിച്ചു കഴിഞ്ഞു. നിയമപരമായി കമ്പനി പിരിച്ചുവിടാനുള്ള നടപടിയിലാണ്,” എന്ന മറുപടിയാണ് ULCCS അധികൃതർ ദ ഫോർത്തിന് നൽകിയത്.
ഗതാഗത നിയമലംഘനം കണ്ടെത്താനായി സംസ്ഥാനത്ത് 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാനുള്ള കരാർ മോട്ടോർ വാഹന വകുപ്പ് കെൽട്രോൺ വഴി നൽകിയത് എസ് ആർ ഐ ടി എന്ന ബെംഗളൂരു ആസ്ഥാനമായ കമ്പനിക്കാണ്. ഈ കമ്പനി പദ്ധതി നടപ്പാക്കാൻ കോഴിക്കോട്ടെ രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി.
ശോഭ റിനൈസൻസ് ഇൻഫർമേഷൻ ടെക്നോളജി (SRIT) റിയൽ എസ്റ്റേറ്റ് കമ്പനി ശോഭ ബിൽഡേഴ്സിന്റെ സഹോദര സ്ഥാപനമായി 2006 - ലാണ് പ്രവർത്തനം തുടങ്ങിയത്. ശോഭ സ്ഥാപകൻ പി എൻ സി മേനോൻ, ഡോ. ലോറൻസ് സിമ്മർമാൻ, ഡോ മധു നമ്പ്യാർ എന്നിവർ ചേർന്നാണ് കമ്പനി രൂപീകരിച്ചത്. അഞ്ചു വർഷത്തിന് ശേഷം കമ്പനി പുനഃക്രമീകരിച്ചപ്പോൾ പി എൻ സി മേനോൻ 10 നാമമാത്ര ഓഹരികൾ മാത്രമുള്ള നിക്ഷേപകനായി മാറി. കമ്പനി തുടങ്ങുമ്പോൾ 5 ലക്ഷത്തിലധികം ഓഹരികൾ (69%) മേനോന്റെ പേരിലായിരുന്നു. ഇപ്പോൾ മധുസൂദനൻ രാഘവൻ നമ്പ്യാർക്ക് എസ് ഐ ആർ ടിയുടെ 59 ശതമാനം ഓഹരികൾ കൈവശമുണ്ട്. വി പ്രസക്ത നമ്പ്യാർ 21 ശതമാനവും മാർട്ടിൻ പൂവക്കുളം ചാക്കോ 20 ശതമാനവും ഓഹരികൾ കൈവശം വച്ചിരിക്കുന്നു. ശോഭയുടെ അമേരിക്കയിലെ ഐ ടി കമ്പനിയായ ശോഭ റിനൈസൻസ് നോർത്ത് അമേരിക്കയുമായും ഈ കമ്പനിക്ക് അടുത്ത ബന്ധമുണ്ട്. എസ് ആർ ഐ ടി ഹെൽത്ത് കെയർ, എസ് ആർ ഐ ടി എന്റർപ്രൈസ് സൊല്യൂഷൻസ് എന്നീ ശോഭ ഗ്രൂപ്പ് കമ്പനികളും SRIT യുമായി അടുത്ത ബന്ധമുള്ള കമ്പനികളാണെന്ന് കമ്പനികാര്യ മന്ത്രാലയ രേഖകൾ വ്യക്തമാക്കുന്നു.
സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ഡയറക്ടർമാരിൽ ഒരാളായ സുശീൽ ജേക്കബ് തര്യൻ എസ് ആർ ഐ ടിയുമായി അടുത്ത ബന്ധമുണ്ട്. സ്ഥാപനത്തിന്റെ മെർജേഴ്സ് ആൻഡ് അക്ക്വിസിഷൻ ഡയറക്ടറായി തര്യൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.