ഹര്‍ഷിനയുടെ വയറ്റിലെ ദിവ്യ കത്രിക
ഒരു കത്രിക സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെ ഇത്രമേല്‍ സമ്മര്‍ദത്തിലാക്കിയ സംഭവം അടുത്ത കാലത്തൊന്നും കേരളം കേട്ടിട്ടില്ല. ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആരാണ് കത്രിക മറന്നു വച്ചതെന്ന് അഞ്ച് വര്‍ഷമായി ഉത്തരമില്ലാ ചോദ്യമായി നില്‍ക്കുകയാണ്. മറന്നുപോയ കത്രികയുടെ നാഥനെ കണ്ടെത്താന്‍ പെടാപ്പാട് പെടുകയാണ് ആരോഗ്യ വകുപ്പ്.
ഹര്‍ഷിനയുടെ വയറ്റില്‍ എങ്ങനെ കത്രികയെത്തി എന്ന് കണ്ടെത്താന്‍ രണ്ട് അന്വേഷണ സംഘങ്ങളെയാണ് ആരോഗ്യ വകുപ്പ് നിയോഗിച്ചത്. എന്നാല്‍ ആര്‍ക്കും കൃത്യമായ ഉത്തരമില്ല. നടന്ന മൂന്ന് ശസ്ത്രക്രിയകളും കോഴിക്കോട്ടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് എന്നതിന് ആര്‍ക്കും സംശയവുമില്ല. മന്ത്രിക്കുമില്ല. പക്ഷേ എവിടെയും കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.
അങ്ങനെയെങ്കില്‍ അതൊരു ദിവ്യ കത്രികയായിരുന്നോ... ഡോക്ടര്‍മാര്‍ക്ക് മറവി സംഭവിക്കില്ല എന്നാണെങ്കില്‍ എങ്ങനെ കത്രിക വയറ്റിലെത്തി. അന്വേഷണം തുടങ്ങി ആറ് മാസം കഴിയുന്നു. മെഡിക്കല്‍ കോളേജിലെ രജിസ്റ്ററില്‍ കണക്കുണ്ടെന്നാണ് രണ്ട് അന്വേഷണ സംഘങ്ങളും പറയുന്നത്. ഫോറന്‍സിക് പരിശോധനയ്ക്കായി നിയോഗിച്ച രണ്ടാം അന്വേഷണ സംഘം ആദ്യ റിപ്പോര്‍ട്ട് അതേപടി കോപ്പിയടിക്കുകയാണോ എന്നാണ് ന്യായമായ സംശയം. കാലപ്പഴക്കം നിര്‍ണയിക്കാന്‍ മാത്രം ആരോഗ്യ വകുപ്പിനാകില്ല. പുതിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചിട്ടില്ല എന്ന് പറയുന്ന അതേ ആരോഗ്യ മന്ത്രി തന്നെയാണ് കത്രിക മെഡിക്കല്‍ കേളേജിലേതല്ല എന്നുറപ്പിച്ച് പറയുന്നതും.
പക്ഷേ ഒരുകാര്യം പറയാതെ വയ്യ, സര്‍ക്കാര്‍ ആശുപത്രികളിലെ കത്രികകളുടെ ഗുണ നിലവാരം കൊള്ളാം. അഞ്ച് വര്‍ഷം വയറ്റിനുള്ളില്‍ കിടന്നിട്ടും ഒരു കേടും കൂടാതെയാണ് കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തെടുത്തത്. ദിവ്യ കത്രികയുമായി സര്‍ക്കാരിനെയും സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനെയും പ്രതിരോധത്തിലാക്കാനാണ് ഹര്‍ഷിനയുടെ ശ്രമം എന്നെങ്ങാനും സര്‍ക്കാര്‍ കണ്ടെത്തിയാലും ഇനി അതിശയമില്ല. അങ്ങനെയെങ്കില്‍ കാപ്പയും യുഎപിഎയുമൊക്കെ പിന്നാലെ വരട്ടെ.. കാത്തിരിക്കാം... എന്തായാലും കത്രികയുടെ നാഥനാരെന്നറിയാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹര്‍ഷിന.