കെടിയുവിലെ താത്കാലിക നിയമനം: മുന്‍ വി സിയുടെ അംഗീകാരമുണ്ടെന്ന് സിന്‍ഡിക്കേറ്റ്

കെടിയുവിലെ താത്കാലിക നിയമനം: മുന്‍ വി സിയുടെ അംഗീകാരമുണ്ടെന്ന് സിന്‍ഡിക്കേറ്റ്

കേരള സാങ്കേതിക സര്‍വകലാശാലയില്‍ പിന്‍വാതില്‍ നിയമനത്തിന് ശ്രമമെന്ന റിപ്പോര്‍ട്ടുകളിലും ഭിന്നത തുടര്‍ന്ന് വി സിയും സിന്‍ഡിക്കേറ്റും
Updated on
1 min read

കേരള സാങ്കേതിക സര്‍വകലാശാലയില്‍ പിന്‍വാതില്‍ നിയമനത്തിന് ശ്രമമെന്ന വാര്‍ത്തകളില്‍ ഭിന്നത തുടര്‍ന്ന് വി സിയും സിന്‍ഡിക്കേറ്റും. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയെന്ന സംഭവത്തില്‍ രജിസ്ട്രാറോട് വിസി ഡോ.സിസ തോമസ് വിശദീകരണം ചോദിച്ചതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി സിന്‍ഡിക്കേറ്റ് രംഗത്തെത്തി. സര്‍വകലാശാലയില്‍ അനധികൃത നിയമനമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ നിലപാട്. ദിവസ വേതനക്കാരുടെ നിയമനത്തിനായുള്ള നോട്ടിഫിക്കേഷന്‍ ഫയലുകള്‍ സിന്‍ഡിക്കേറ്റ് പരിശോധിക്കുകയും മുന്‍ വൈസ് ചാന്‍സലറുടെ അംഗീകാരമുള്ളതാണെന്ന് ബോധ്യപ്പെട്ടതായും യോഗം വിലയിരുത്തി.

നിയമന നീക്കത്തിനെതിരെ ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനം ഗവര്‍ണര്‍ തടയുകയായിരുന്നു

അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താല്‍ക്കാലിക നിയമന നീക്കമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. നിയമന നീക്കത്തിനെതിരെ ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനം ഗവര്‍ണര്‍ തടയുകയായിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നോ താല്‍ക്കാലിക നിയമനം നടത്തണമെന്നായിരുന്നു പരാതി. പിന്നാലെ വിഷയത്തില്‍ ഇടപെട്ട കെടിയു വി സി ഡോ.സിസ തോമസ് രജിസ്ട്രാറോട് വിശദീകണം തേടുകയായിരുന്നു. വി സിയുടെ നിര്‍ദേശമില്ലാതെ, ഗവര്‍ണറുടെയും വി സിയുടെയും നടപടികളെ വിമര്‍ശിച്ച് സിന്‍ഡിക്കേറ്റിന്റെ പത്രക്കുറിപ്പിറക്കിയ സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് ഓഫിസറോടും വിശദീകരണം തേടിയിരുന്നു.

ദിവസ വേതനത്തിൽ നിയമിതരായ തൊഴിലാളികളുടെയടക്കം ജോലിഭാരം സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ഏജൻസിയായ സിഎംഡിയെ യോഗം ചുമതലപ്പെടുത്തി

എന്നാല്‍, സർവകലാശാലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുള്ള ചില ശ്രമങ്ങൾ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടക്കുന്നെന്നാണ് സിന്‍ഡിക്കേറ്റിന്റെ നിലപാട്. ഈ വിഷയത്തില്‍ സിന്‍ഡിക്കേറ്റ് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഇതിനൊപ്പം, കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അഞ്ചോളം ജീവനക്കാരുടെ കാലാവധി നീട്ടി നൽകിയ താല്‍ക്കാലിക വൈസ് ചാൻസലറുടെ നടപടിക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നൽകി. അതേസമയം, ദിവസ വേതനത്തിൽ നിയമിതരായ തൊഴിലാളികളുടെയടക്കം ജോലിഭാരം സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ഏജൻസിയായ സിഎംഡിയെ യോഗം ചുമതലപ്പെടുത്തി. നിലവിലുള്ള കരാർ ജീവനക്കാരെ സിഎംഡി റിപ്പോർട്ട് വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യവും സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.

പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തസ്തികകൾ പുനർ നിർണയിച്ച് പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അടക്കമുള്ള സർക്കാർ സംവിധാനങ്ങളിലൂടെ നിയമനങ്ങൾ നടത്താൻ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. നേരത്തെ, 100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടെങ്കിലും 25 എണ്ണമേ സർക്കാർ അനുവദിച്ചിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് ജോലിഭാരം സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ പഠനം നടത്തുന്നത്. 144 അഫിലിയേറ്റഡ് കോളേജുകളിലായി ഒന്നര ലക്ഷം കുട്ടികൾ പഠിക്കുന്ന കെടിയു സർവകലാശാലയിൽ സ്ഥിരം ജീവനക്കാർ 57 പേർ മാത്രമാണ് നിലവിലുള്ളത്.

മറ്റ് സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായി സാങ്കേതിക സർവകലാശാലയിൽ ദൈനംദിന ഭരണ നിർവഹണത്തിന് വൈസ് ചാൻസലർക്കുള്ള അധികാരങ്ങൾ പരിമിതവും സിന്‍ഡിക്കേറ്റിന്റെ അനുമതി മിക്ക കാര്യങ്ങളിലും ആവശ്യവുമായതിനാല്‍ ദൈനം ദിന ഭരണനിർവഹണത്തിനായി നാലംഗ സിന്‍ഡിക്കേറ്റ് ഉപസമിതിക്കും ഇന്നത്തെ യോഗം രൂപം നൽകി.

logo
The Fourth
www.thefourthnews.in