തരൂരിന് അപ്രഖ്യാപിത വിലക്ക്; പരിപാടി റദ്ദാക്കി യൂത്ത് കോണ്‍ഗ്രസും ഡിസിസികളും; നിഷേധിച്ച് കെപിസിസി
ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോടും വിവിധ ഡിസിസികളും നടത്താനിരുന്ന പരിപാടികള്‍ റദ്ദാക്കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോടും കണ്ണൂര്‍, മലപ്പുറം ഡിസിസികളുമാണ് പരിപാടി റദ്ദാക്കിയത്. 'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിലായിരുന്നു ശശി തരൂരിനെ പങ്കെടുപ്പിച്ച് സെമിനാര്‍ നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. ചില മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ഘടകം പരിപാടിയില്‍ നിന്ന് പിന്‍മാറിയതെന്നാണ് സൂചന. സമാനമായ പരിപാടി കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്ത് നടത്തുമെന്നാണ് വിവരം.
അതേസമയം,വാർത്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ നിഷേധിച്ചു. വാർത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ എതിരാളികള്‍ വ്യാജ പ്രചാരണം നടത്തുന്നതാണെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തരൂരിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം തയ്യാറാണെന്നും കുറിപ്പിലുണ്ട്.
മലപ്പുറം ഡിസിസി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വെട്ടിച്ചുരുക്കി സന്ദർശനം മാത്രമാക്കുകയായിരുന്നു. 23ന് കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടിയും റദ്ദാക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ഡിസിസികളിലുള്‍പ്പെടെ സംഘടിപ്പിക്കുന്ന പരിപാടികളില്‍ തരൂര്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്. തരൂരിന്റെ ഈ നീക്കത്തിന് ലീഗിന്റെ പരോക്ഷ പിന്തുണയുള്ളതായും സൂചനയുണ്ട്.
എന്‍എസ്എസിനും തരൂര്‍ സ്വീകാര്യനായെന്ന സൂചന നല്‍കി മന്നം ജയന്തിയില്‍ മുഖ്യ അതിഥിയായേക്കുമെന്ന അഭ്യൂഹമുണ്ട്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേത്യത്വവുമായി കൂടിയാലോചിക്കാതെ സ്വന്തം നിലയ്ക്കാണ് തരൂര്‍ നീക്കങ്ങള്‍ നടത്തിയിരുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവന്‍ എംപിയാണ് കോഴിക്കോട് പരിപാടികള്‍ സംഘടിപ്പിക്കാന്‍ ചുക്കാന്‍ പിടിയ്ക്കുന്നത്.
കോഴിക്കോട്ടെ സെമിനാര്‍ മാറ്റിവെച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ എസ് ശബരിനാഥന്‍ രംഗത്തെത്തിയിരുന്നു. എന്തിനാണ് തരൂരിനെതിരായ നടപടിയെന്നും വിവാദം ഒഴിവാക്കാമായിരുന്നെന്നും ശബരിനാഥന്‍ ചൂണ്ടിക്കാട്ടി.
കെഎസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
"സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു.
മഹാരാഷ്ട്രയുടെ മണ്ണിൽ ഭാരത് ജോടോ യാത്രയുടെ ഭാഗമായി സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി ? സമാനമായ ആശയമല്ലേ ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്...അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.
പിന്നെ ഒരു കാര്യം കൂടി , അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.