വത്തിക്കാന്‍ പ്രതിനിധിയുടെ അന്ത്യശാസനവും നടപ്പായില്ല; പള്ളികളിൽ ഏകീകൃത കുര്‍ബാന നടന്നില്ല, വൈദികരെ വിശ്വാസികള്‍ തടഞ്ഞു
എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന മാര്‍പാപ്പയുടെ പ്രതിനിധി നല്‍കിയ നിര്‍ദേശം നടപ്പായില്ല. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികരെ വിശ്വാസികള്‍ തടയുകയും കുര്‍ബാന തടസ്സപ്പെടുത്തുകയും ചെയ്തു. പറവൂര്‍ കോട്ടക്കാവ് സെന്റ് തോമസ് പള്ളിയിലും അങ്കമാലി മഞ്ഞപ്ര മാര്‍ സ്ലീവാ പള്ളിയിലുമാണ് വൈദികരെ തടഞ്ഞത്. വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയതോടെ പള്ളികള്‍ അടച്ചിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ട് പള്ളികളിലും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ഫോര്‍ട്ട് കൊച്ചി, കാക്കനാട് കീഴ്മാട് പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തി.
ഉത്തരവ് നടപ്പിലാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു
ഈ മാസം 20 ന് മുന്‍പ് അങ്കമാലി അതിരൂപതയിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബന നടപ്പിലാക്കണമെന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഉത്തരവ് നടപ്പിലാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശം പാലിക്കില്ലെന്ന് ഒരു വിഭാഗം വൈദികര്‍ നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. ഭൂരിഭാഗം പള്ളികളിലും ഇന്നും ജനാഭിമുഖ കുര്‍ബാനയാണ് നടന്നത്.
ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ തടസ്സം നില്‍ക്കുന്നത് വിമത വൈദികരാണെന്ന് കുറ്റപ്പെടുത്തിയ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍, കുര്‍ബാന നടത്തണമെന്ന അന്ത്യശാസനം നല്‍കുകയായിരുന്നു. അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കുമായി പുറപ്പെടുവിച്ച സര്‍ക്കുലറും പള്ളികളില്‍ വായിച്ചിരുന്നില്ല.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ സിറില്‍ വാസിലിനെ വിശ്വാസികള്‍ തടയുകയും ബിഷപ്പിന് നേരെ കുപ്പിയെറിഞ്ഞും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതിരൂപതയില്‍ നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് മാര്‍പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്.