ഏക വ്യക്തി നിയമം മാറ്റിവരയ്ക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍, സെമിനാര്‍ വിവാദത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭം ആര്‍ക്ക്?

ഏക വ്യക്തി നിയമം മാറ്റിവരയ്ക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍, സെമിനാര്‍ വിവാദത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭം ആര്‍ക്ക്?

കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിലേക്കില്ലെന്ന് മുസ്ലിം ലീഗിന് നിലപാടെടുക്കേണ്ടി വന്നെങ്കിലും വാതില്‍ തുറന്നു തന്നെയിട്ടിരിക്കുകയാണ് സിപിഎം
Updated on
2 min read

ഏക സിവില്‍ കോഡ് വിരുദ്ധ സെമിനാറിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് നിരസിച്ചത് പ്രത്യക്ഷത്തില്‍ തിരിച്ചടിയാണെങ്കിലും വിവാദം രാഷ്ട്രീയമായി ഗുണം ചെയ്തുവെന്ന വിലയിരുത്തലിലാണ് സിപിഎം.  മുസ്ലിം ലീഗിലും യു ഡി എഫിലും ഉണ്ടായ ആശയക്കുഴപ്പവും സമസ്ത ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളെ പ്രതിഷേധത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താനായതും സിപിഎമ്മിന് നേട്ടമാണ്. ക്ഷണത്തില്‍ തീരുമാനമെടുക്കാന്‍ ഇത്രയും വൈകിയതും പി എം എ സലാമും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൃദുസമീപനവുമെല്ലാം ചേര്‍ത്തുവായിക്കണം. ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലടക്കം കരുതലോടെയായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിലേക്കില്ലെന്ന് മുസ്ലിം ലീഗിന് നിലപാടെടുക്കേണ്ടി വന്നെങ്കിലും വാതില്‍ തുറന്നു തന്നെയിട്ടിരിക്കുകയാണ് സി പി എം. ഏക സിവില്‍ കോഡിനെതിരെ തുടർച്ചയായ പോരാട്ടങ്ങൾ വേണ്ടിവരുമെന്നും ഇനിയും യോജിക്കാനുള്ള ഇടങ്ങളുണ്ടെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം. മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ എം വി ഗോവിന്ദന്‍റെ വാക്കുകള്‍ കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കോഴിക്കോട്ടെ സെമിനാര്‍ കൊണ്ട് ഒന്നും അവസാനിക്കില്ലെന്ന് വ്യക്തമാണ്.

ഏക വ്യക്തി നിയമം മാറ്റിവരയ്ക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍, സെമിനാര്‍ വിവാദത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭം ആര്‍ക്ക്?
ഏക വ്യക്തി നിയമം: കോണ്‍ഗ്രസിനെ കൈ വിടാതെ ലീഗ്, നയമില്ലാത്ത പാര്‍ട്ടിക്ക് വിധേയപ്പെട്ടെന്ന് സിപിഎം

മുസ്ലിം ലീഗ് സെമിനാറിലെത്തില്ലെങ്കിലും ലീഗിന്റെ വോട്ട് ബാങ്ക് എന്നറിയപ്പെടുന്ന ഇ കെ വിഭാഗം സമസ്ത പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി എല്‍ഡിഎഫിനോട് സമസ്ത സൂക്ഷിക്കുന്ന നല്ല ബന്ധത്തിന്‍റെ തുടര്‍ച്ച തന്നെയാവും സെമിനാറിലെ പങ്കാളിത്തവും. മുസ്ലിം ലീഗ് പങ്കെടുക്കാത്ത സെമിനാറിലേക്ക് പോവരുതെന്ന് സമസ്തയോട് ആവശ്യപ്പെടാന്‍ ലീഗ് നേതൃത്വം തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. എല്ലാകാലത്തും മുസ്ലിം ലീഗിനോട് ചേര്‍ന്നുനിന്ന മുജാഹിദ് വിഭാഗവും സെമിനാറിന്‍റെ സംഘാടക സമിതിയിലുണ്ട്. 

സമസ്തയടക്കമുള്ള സംഘടനകള്‍ ഇടത്തോട്ടടുക്കുമ്പോഴും കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നത് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞില്ലെങ്കില്‍ സിപിഎമ്മിന്റെ 'സെമിനാര്‍ കെണി' വിജയമെന്ന് തന്നെ കണക്കാക്കേണ്ടിവരും

ആദ്യം സമരമുഖത്തേക്ക് കടക്കാനായതും  പ്രധാന സമുദായ സംഘടനകളെയെല്ലാം കൂടെ നിര്‍ത്താനായതും വിജയമെന്ന് തന്നെ സി പി എം കണക്കുകൂട്ടുന്നു. നേരത്തെ കാന്തപുരം വിഭാഗം മാത്രമായിരുന്നു ഇടതുപക്ഷത്തോട് ചേര്‍ന്നു നിന്നിരുന്നതെങ്കില്‍ പ്രധാനസമുദായ സംഘടനകളെല്ലാം ഇടത്തോട്ടടുക്കുന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ എല്ലാം കൊണ്ടും സിപിഎമ്മിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭക്കണക്ക് മാത്രമാണ് സെമിനാര്‍ വിവാദം. അതുകൊണ്ട് കൂടിയാണ് ലീഗ് സെമിനാറിലെത്താത്തത് തിരിച്ചടിയല്ലെന്ന് എം വി ഗോവിന്ദന്‍ പറയുന്നതും.

ഏക വ്യക്തി നിയമം മാറ്റിവരയ്ക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍, സെമിനാര്‍ വിവാദത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭം ആര്‍ക്ക്?
'ഇഎംഎസിൻ്റെ നിലപാടിനെ എതിർക്കാൻ പാർട്ടിക്ക് കഴിയുമോ?'; ഏക സിവില്‍ കോഡില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ്

മുന്നണി മര്യാദയുടെ പേരില്‍ മുസ്ലിം ലീഗ് ക്ഷണം നിരസിച്ചത് കോണ്‍ഗ്രസിന് താല്‍കാലിക ആശ്വാസമാണെങ്കിലും ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുമെന്ന കാര്യം തീര്‍ച്ച. ദേശീയ നേതൃത്വം ഇതുവരെ നിലപാട് പ്രഖ്യാപിക്കാത്ത വിഷയത്തില്‍ സംസ്ഥാനത്ത് പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് കടക്കാതെ കോണ്‍ഗ്രസിന് നിവൃത്തിയില്ല. സിവില്‍ കോഡിനെതിരെ പ്രതിഷേധപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിയ്യതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ മുസ്ലിം ലീഗിന് മുകളില്‍ ചെലുത്തിയ സമ്മര്‍ദ്ദം പ്രത്യക്ഷ പ്രക്ഷോഭം വേണമെന്ന കാര്യത്തില്‍ ഇനി തിരിച്ചും ഉണ്ടാവും. സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന വിമര്‍ശനം സിപിഎം ആവര്‍ത്തിച്ചുന്നയിക്കുമ്പോള്‍ അതങ്ങനെയല്ലെന്ന് തെളിയിക്കാതെ കോണ്‍ഗ്രസിന് മറ്റു വഴിയില്ല. യുസിസിയില്‍ നിലപാടുണ്ടെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനപ്പുറം പ്രക്ഷോഭ പരമ്പരകള്‍ തന്നെ കോണ്‍ഗ്രസിന് സംഘടിപ്പിക്കേണ്ടിവരും. 

സിപിഎം ക്ഷണം തള്ളിയെങ്കിലും ലീഗ്-കോണ്‍ഗ്രസ് ബന്ധത്തിലെ വിടവുകള്‍ ഇനിയും ബാക്കിയാണ്. ക്ഷണം നിരസിക്കാന്‍ എം കെ മുനീര്‍, കെ എം ഷാജി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങി വിമതപക്ഷത്തെ നേതാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പടക്കം നിരവധി കാരണങ്ങളുണ്ട്. മുനീര്‍ പക്ഷത്തെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് നടത്തിയ സമ്മര്‍ദ്ദ തന്ത്രവും ഫലം കണ്ടുവെന്ന് അനുമാനിക്കാം. പക്ഷേ യു ഡി എഫിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ മുസ്ലിം ലീഗ് ഇനി മുന്നണിയില്‍ കൂടുതല്‍ ശക്തരാവും. പിരിഞ്ഞുപോയവരെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ മുസ്ലിം ലീഗ് മുന്‍കൈയെടുക്കണമെന്ന ആവശ്യം ലീഗിന്‍റെ ചെറുതുരുത്തി ക്യാമ്പില്‍ തന്നെ ഉയര്‍ന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്ന സൂചനകളും വരുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം മുന്‍പ് കുഞ്ഞാലിക്കുട്ടിയുടെ മറുപക്ഷത്തുള്ള നേതാക്കളാണ് ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇത്തവണ അത് ഔദ്യോഗിക പക്ഷത്ത് നിന്ന് തന്നെ ഉയരാനാണ് സാധ്യത. സമസ്തയടക്കമുള്ള സംഘടനകള്‍ ഇടത്തോട്ടടുക്കുന്നതും മുസ്ലിം ലീഗ് എല്‍ ഡി എഫിലേക്കെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടും. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നത് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞില്ലെങ്കില്‍ സിപിഎമ്മിന്‍റെ 'സെമിനാര്‍ കെണി' വിജയമെന്ന് തന്നെ കണക്കാക്കേണ്ടിവരും. 

logo
The Fourth
www.thefourthnews.in