നിയമസഭ
നിയമസഭ

നിയമസഭയില്‍ 'കള്ള'വുമില്ല 'കള്ളനും' ഇല്ല; കേരളത്തിലെ അണ്‍പാര്‍ലമെന്‍ററി വാക്കുകള്‍

'കള്ള'ത്തിന് വിലങ്ങ് വീണത് 1952 ഒക്ടോബര്‍ മുപ്പതിനാണ്. 'കള്ളനെ' പുറത്താക്കിയത് 1954-ലും
Updated on
1 min read

നിയമസഭയില്‍ വലിയ വാഗ്വാദത്തിനിടെ ഒരംഗത്തെ 'കള്ളനെ'ന്ന് വിളിക്കാമോ? 'കള്ളം' പറഞ്ഞെന്ന് പറയാമോ? പാടില്ലെന്നാണ് റൂള്‍. പാര്‍ലമെന്‍റില്‍ മാത്രമല്ല, എല്ലാ നിയമസഭകളിലുമുണ്ട് ചില വാക്കുകള്‍ക്കുള്ള വിലക്ക്. അങ്ങനെ കേരളനിയമസഭയില്‍ വിലക്കുള്ള വാക്കുകളാണ് കള്ളനും കള്ളവുമൊക്കെ. 'കള്ളം' എന്നതിന് പകരം വസ്തുതാവിരുദ്ധം എന്ന് ഉപയോഗിക്കാം. അംഗങ്ങള്‍ അണ്‍പാര്‍ലമെന്‍ററി വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രതിഷേധമുയരുന്ന ഘട്ടത്തിലാണ് ഈ വാക്കുകള്‍ സഭ്യേതര പട്ടികയില്‍ ഇടംപിടിക്കുന്നത്. പ്രതിഷേധത്തില്‍ സ്പീക്കര്‍ ഇടപെട്ട് അണ്‍പാര്‍ലമെന്‍ററി എന്ന് റൂള്‍ ചെയ്താല്‍ പിന്നീടത് സഭയില്‍ പറയരുത്. 'കള്ള'ത്തിന് വിലങ്ങ് വീണത് 1952 ഒക്ടോബര്‍ മുപ്പതിനാണ്. 'കള്ളന്‍' സഭ്യേതര പട്ടികയിലിടം പിടിക്കുന്നത് 1954ഉം. 'അസംബന്ധ'വും സഭയില്‍ അണ്‍പാര്‍ലമെന്‍ററിയാണ്. 'തെമ്മാടിത്തര'മെന്നും സഭയില്‍ പറയരുത്.

1959 മാര്‍ച്ച് അഞ്ചിനു നടന്ന ചോദ്യോത്തരവേളയ്ക്കിടെ 'തോന്ന്യാസ'മെന്ന് ഒരംഗം ഉപയോഗിച്ചത് പ്രതിഷേധത്തിന് കാരണമായി. സ്പീക്കര്‍ ഇടപെട്ട് റൂള്‍ ചെയ്തതോടെ 'തോന്ന്യാസ'വും പട്ടികയിലിടം നേടി. പോക്രിത്തരം, കൂളിത്തരം, ചോരകുടിയന്‍, ബീഭല്‍സം എന്നിവയും അണ്‍പാര്‍ലമെന്‍ററി പട്ടികയിലാണ്. സഭ്യേതരമല്ലെങ്കിലും വിലക്ക് വീണ മറ്റുചില വാക്കുകളുമുണ്ട്. 'താന്‍', 'തന്ത' എന്നിവ ആ ഗണത്തില്‍പെടും. ഇവ ഉപയോഗിക്കുന്നതിലെ രീതി അലോസരമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ വിലക്കിയത്. 1983 ല്‍ ഒരു മന്ത്രി തന്‍റെ പാര്‍ട്ടിയില്‍ അലവലാതികളില്ല എന്ന് പറഞ്ഞത് സഭയില്‍ പ്രതിപക്ഷബഹളത്തിനിടയാക്കി. അതോടെ, 'അലവലാതി'യും പുറത്തായി.

1964 മുതല്‍ അണ്‍പാര്‍ലമെന്‍ററി വാക്കുകള്‍ നിയമസഭ ക്രോഡീകരിക്കുന്നുണ്ട്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുമ്പോള്‍ പട്ടിക നല്‍കണം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ലോക്സഭ സെക്രട്ടറിയേറ്റ് പട്ടിക വാങ്ങി സമ്പൂര്‍ണ പട്ടിക സൂക്ഷിക്കാറുണ്ട്. 1983 ശേഷം കാര്യമായ വാക്കുകളൊന്നും കേരള നിയമസഭയില്‍ അണ്‍പാര്‍ലമെന്‍ററിയായി വിലയിരുത്തിയിട്ടില്ല.

logo
The Fourth
www.thefourthnews.in