നിയമസഭയില്‍ അസാധാരണ സംഘര്‍ഷം; സ്പീക്കറെ തടഞ്ഞ് പ്രതിപക്ഷം, ഭരണപക്ഷ എംഎല്‍എമാര്‍ കയ്യേറ്റം ചെയ്‌തെന്നും ആക്ഷേപം
സ്പീക്കര്‍ എ എന്‍ ഷംസീറിന് എതിരെ നിയമസഭയില്‍ അസാധാരണ പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം സ്പീക്കര്‍ സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ആരംഭിച്ചത്. സ്പീക്കര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭയ്ക്കുള്ളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉന്തും തള്ളുമായി.
പിണറായിയുടെ വാല്യക്കാരനായി മാറുകയാണ് സ്പീക്കര്‍ എ എന്‍ ഷംസീറെന്നായിരുന്നു പ്രതിപക്ഷത്തിന്‌റെ മുദ്രാവാക്യം.
സ്പീക്കറെ ഉപരോധിക്കാനെത്തിയ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് തടയാന്‍ ശ്രമിച്ചതോടെയാണ് സഭ സംഘര്‍ഷഭരിതമായത്. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ മുദ്രാവാക്യമാണുയര്‍ത്തിയത്. പിണറായിയുടെ വാല്യക്കാരനായി മാറുകയാണ് സ്പീക്കര്‍ എ എന്‍ ഷംസീറെന്നായിരുന്നു പ്രതിപക്ഷത്തിന്‌റെ മുദ്രാവാക്യം.
അതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ അടക്കമുള്ള അംഗങ്ങള്‍ രംഗത്തെത്തി. അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സമാധാനപരമായി ഉപരോധിക്കാന്‍ എത്തിയ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് ഉന്തുകയും തള്ളുകയും ചെയ്തുവെന്ന് കെ കെ രമ അടക്കമുള്ള എംഎല്‍എമാര്‍ പറയുന്നു. ഭരണപക്ഷത്ത് നിന്നുള്ള പുരുഷ എംഎല്‍എമാര്‍ ചവിട്ടിയെന്ന് പ്രതിപക്ഷത്തെ വനിതാ എംഎല്‍എമാര്‍ ഉന്നയിച്ചു. ഉന്തിനും തള്ളിനുമിടയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ കുഴഞ്ഞുവീണു.
കഴിഞ്ഞ ദിവസം സ്പീക്കര്‍ സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ആരംഭിച്ചത്. സ്പീക്കര്‍ക്ക് എതിരെ ബാനര്‍ ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ബ്രഹ്‌മപുരം വിഷയത്തില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തുന്നതിടെ സഭവിട്ട പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളെ വാച്ച്ആന്‍ഡ് വാര്‍ഡ് തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ഇതിനിടെ ഭരണപക്ഷ എംഎല്‍എമാര്‍ കൂടി രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തു.
എന്നാല്‍, സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം അസാധാരണമായതിനാല്‍ പിരിച്ചുവിടാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് വാച്ച് ആന്‍ഡ് വാര്‍ഡിന്‌റെ വിശദീകരണം.