സന്തോഷ് മ്യൂസിയം കേസിലും പ്രതി? രൂപസാദൃശ്യമുണ്ടെന്ന് പരാതിക്കാരി, ജോലിയില്‍ നിന്ന് നീക്കാന്‍ നിര്‍ദേശിച്ചെന്ന് മന്ത്രി

സന്തോഷ് മ്യൂസിയം കേസിലും പ്രതി? രൂപസാദൃശ്യമുണ്ടെന്ന് പരാതിക്കാരി, ജോലിയില്‍ നിന്ന് നീക്കാന്‍ നിര്‍ദേശിച്ചെന്ന് മന്ത്രി

സന്തോഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
Updated on
1 min read

കുറവന്‍കോണത്തെ വീട്ടിലെ അതിക്രമ കേസില്‍ പിടിയിലായ സന്തോഷ് തന്നെയാണ് മ്യൂസിയത്ത് യുവതിയെ ആക്രമിച്ചതിന് പിന്നിലുമെന്ന് സംശയം. തന്നെ ആക്രമിച്ചയാളുമായി സന്തോഷിന് രൂപസാദൃശ്യമുണ്ടെന്ന് മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ ആക്രമണത്തിനിരയായ യുവതി പറയുന്നു. പരാതിക്കാരിയെ തിരിച്ചറിയല്‍ പരേഡിനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലാണ് തിരിച്ചറിയല്‍ പരേഡ്. മന്ത്രി റോഷി അഗസ്റ്റിന്‌റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഡ്രൈവറാണ് പിടിയിലായ മലയന്‍കീഴ് സ്വദേശി സന്തോഷ്.

കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച സന്തോഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സന്തോഷ് സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത സംഭവത്തില്‍ വ്യക്തതയില്ലെന്ന് മന്ത്രി പറഞ്ഞു. കരാര്‍ അടിസ്ഥാനത്തിലായതിനാല്‍ പോലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാകാം ജോലിയില്‍ പ്രവേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സെക്രട്ടറിയേറ്റിനുള്ളില്‍ നിന്നാണ് ഇന്നലെ രാത്രി സന്തോഷിനെ പിടികൂടിയത്. ഇറിഗേഷൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാഹനമാണ് ഇയാള്‍ ഓടിച്ചിരുന്നത്. സർക്കാർ ബോർഡ് പതിച്ച വാഹനത്തിന്റെ ദ്യശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.

കഴിഞ്ഞയാഴ്ചയാണ് കുറവന്‍കോണത്തെ വീട്ടില്‍ രാത്രി അതിക്രമം ഉണ്ടായത്. നേരത്തെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പ്രതി ഒരാളാണെന്ന സംശയം മ്യൂസിയം അതിക്രമ കേസിലെ പരാതിക്കാരി ഉന്നയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in