സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി കർമ്മ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ ഒന്ന് വരെ തീവ്രമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ലഹരി വിരുദ്ധ സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങളും സാമൂഹിക ആഘാതത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മത സാമുദായിക സംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ടികള്‍ തുടങ്ങി വിഭാഗങ്ങളെ ക്യാമ്പയിനില്‍ ഭാഗമാകും. സിനിമ, സീരിയല്‍, സ്പോര്‍ട്സ് മേഖലയിലെ പ്രമുഖരും ക്യാമ്പെയ്നില്‍ അണിനിരത്തും. എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്., സ്കൗട്ട് ആന്‍റ് ഗൈഡ്സ്, ജെ.ആര്‍.സി., വിമുക്തി ക്ലബ്ബുകള്‍ എന്നീ സംവിധാനങ്ങളെ ക്യാമ്പയിനില്‍ പ്രയോജനപ്പെടുത്തും.
നവംബര്‍ ഒന്നിന് സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കും. സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിറ്റാൽ പിന്നീട് ആ കട തുറന്നു പ്രവർത്തിക്കാന്‍ അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിൽക്കില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോർഡ് വയ്ക്കണം. എല്ലാ എക്സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും.
സിന്തറ്റിക് രാസലഹരി വസ്തുക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ എത്തിച്ചേരുന്നുണ്ട് . അതു തടയുന്നതിന് അന്വേഷണ രീതിയിലും കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങള്‍ വരുത്തും. മയക്കുമരുന്ന് കടത്തില്‍ പതിവായി ഉള്‍പ്പെടുന്നവരെ പിഐടി എന്‍ഡിപിസ് ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. ട്രെയിനുകള്‍ വഴിയുള്ള കടത്തു തടയാന്‍ സ്നിഫര്‍ ഡോഗ്ഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കും.
ജനമൈത്രി, എസ്.പി.സി, ഗ്രീന്‍ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസ് വകുപ്പ് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസിന്റെ നേത്യത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 'യോദ്ധ' എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും.
ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും അതോടനുബന്ധിച്ചു സംഘടിപ്പിക്കും. ബസ് സ്റ്റാന്‍റുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ നടത്തും.
ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022ല്‍ സെപ്തംബര്‍ 15 വരെയുള്ള കണക്കുപ്രകാരം 16,986 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ 5,674 പേരെയും 2021ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022ല്‍ 18,743 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,364.49 കിലോഗ്രാം കഞ്ചാവും 7.7 കിലോഗ്രാം എം.ഡി.എം.എയും 23.73 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു.
നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായി ലഹരി കടത്ത് കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ തടയാന്‍ സാധിക്കുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ സംസ്ഥാനതലത്തില്‍ കേരള ആന്‍റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ജില്ലാ തലത്തില്‍ ഡിസ്ട്രിക്ട് ആന്‍റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ എല്ലാ സ്റ്റേഷന്‍ പരിധിയിലും എല്ലാ മാസവും രണ്ട് ആഴ്ച എന്‍.ഡി.പി.എസ് സ്പെഷ്യല്‍ ഡ്രൈവും നടത്തി വരുന്നുണ്ട്.