വി ഡി സതീശൻ
വി ഡി സതീശൻ

'മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍, സൂചി കുത്തിയാല്‍ പൊട്ടും' - പരസ്യപ്രസ്താവന വിലക്കിയിട്ടും കോണ്‍ഗ്രസില്‍ പോര്

കോൺഗ്രസിനെ ദുർബലമാക്കാനുള്ള നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് വി ഡി സതീശന്‍
Updated on
1 min read

സമാന്തര വിഭാഗീയ പ്രവർത്തനങ്ങൾ ഇനി കോൺഗ്രസിൽ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് ഉന്നതനായാലും വിഭാഗീയത വെച്ചു പൊറുപ്പിക്കില്ലെന്നായിരുന്നു ശശി തരൂരിനെ കുറിച്ചുള്ള ചോദ്യത്തിന് വി ഡി സതീശന്റെ മറുപടി. ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിലും നീക്കങ്ങളിലുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി പ്രകടമാക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

''മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകള്‍ സൂചി കുത്തിയാല്‍ പൊട്ടും, ഞങ്ങളൊന്നും അങ്ങനെ പൊട്ടിപ്പോകുന്നവരല്ല'' - വി ഡി സതീശന്‍ പറഞ്ഞു. പാർട്ടി തീരുമാനങ്ങളെ എതിർത്ത് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നവരെ കേരളത്തിൽ വെച്ചു പൊറുപ്പിക്കില്ല. ഭരണം നഷ്ടപ്പെട്ടതോടെ തന്നെ കേരളത്തിലെ കോൺഗ്രസിന് കരുത്ത് നഷ്ടപ്പെട്ടു. നേതാക്കളെ ചേർത്ത് നിർത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഇനിയൊരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ആരോഗ്യമില്ല- വി ഡി സതീശന്‍

കോൺഗ്രസിൽ സമാന്തര പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന തരത്തിൽ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിരന്തരം വാർത്തകൾ പ്രത്യക്ഷപ്പെടുന്നു. കേരളത്തിലെ കോൺഗ്രസിനെ ദുർബലപ്പെടുത്താനും തകർക്കാനുമുള്ള അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ദുർബലമാക്കാനുള്ള നീക്കം ആര് നടത്തിയാലും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇനിയൊരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ആരോഗ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ സ്ഥലം എംപിയായ ശശി തരൂർ പങ്കെടുത്തോയെന്ന് മാധ്യമങ്ങൾ പരിശോധിക്കൂവെന്ന് സതീശൻ പറഞ്ഞു. കെ സുധാകരന്‍റെ ഇല്ലാത്ത കത്ത് കൊണ്ടുവന്ന് മാധ്യമങ്ങൾ കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

വിഭാഗീയതയുടെ എതിരാളിയാണ് താനെന്ന് വി ഡി സതീശന്‌റെ ആക്ഷേപങ്ങള്‍ക്ക് തരൂര്‍ മറുപടി നല്‍കി. കോണ്‍ഗ്രസിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഒരു ഗ്രൂപ്പും ഉണ്ടാക്കാനില്ലെന്നും തരൂര്‍ വ്യക്തമാക്കി.

ഞായറാഴ്ചയാണ് തരൂരിന്റെ മലബാർ പര്യടനം ആരംഭിച്ചത്. പര്യടനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദങ്ങളും പൊട്ടിപുറപ്പെട്ടു. തൊട്ടുപിന്നാലെ കെ സുധാകരന്‍ തന്നെ ഇടപെട്ട് പരസ്യവിവാദങ്ങള്‍ക്ക് അന്ത്യം കുറിച്ചു. കോണ്‍ഗ്രസിന്റെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പരസ്യ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് കെപിസിസി പ്രസിഡന്റ് കെ കര്‍ശന നിര്‍ദേശം നല്‍കിയത്. ആഭ്യന്തര ജനാധിപത്യം പൂര്‍ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസവുമില്ലെന്നും സുധാകരന്‍ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in