ഗവര്‍ണറുടെ ചിറകരിയാന്‍ നിയമം കൊണ്ടുവരുന്നു; സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍

ഗവര്‍ണറുടെ ചിറകരിയാന്‍ നിയമം കൊണ്ടുവരുന്നു; സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍

ബിജെപി രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്ന് കേന്ദ്രമന്ത്രി
Updated on
1 min read

സര്‍വകലാശാല നിയമഭേഗതി ബില്ലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. സര്‍വകലാശാലകളിലെ ബന്ധുനിയമനത്തിന് എതിരെ നിലപാട് എടുത്ത ഗവര്‍ണറുടെ ചിറകരിയാനുളള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. ബന്ധുനിയമനത്തില്‍ കെ ടി ജലീലിനെ ലോകായുക്ത പുറത്താക്കിയപ്പോള്‍ ലോകായുക്തയുടെ ചിറകരിയാന്‍ ബില്‍ കൊണ്ടുവന്നു. പിന്നാലെ ഗവര്‍ണര്‍ക്കെതിരെയും നീക്കം നടക്കുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു.

സ്വജനപക്ഷപാതത്തെ നിയമപരമാക്കാന്‍ സിപിഎം നിയമസഭയെ ഉപയോഗിക്കുകയാണ്. അക്കാദമിക് യോഗ്യതയുള്ള ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ജോലി കിട്ടാതെ പുറത്തിരിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ അവരുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ നീക്കം നടത്തുന്നു. ഇതിനെ നിയവിധേയമാക്കാനുള്ള ബില്ലാണ് സംസ്ഥാന സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പരസ്യനിലപാട് എടുക്കുന്ന സാഹചര്യം വരും. ജനാധിപത്യം ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതാണെന്നും നേതാക്കന്‍മാരുടെ ബന്ധുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്നും വി മുരളധീരന്‍ ആരോപിച്ചു.

കേന്ദ്രസര്‍വകലാശാലകളില്‍ സ്വയംഭരണം ഇല്ലാതാക്കുന്നുവെന്ന് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന സീതാറാം യെച്ചൂരിയുടെ പാര്‍ട്ടി അവര്‍ ഭരിക്കുന്ന സംസ്ഥാനത്തെ സര്‍വകലാശാലകളെ ബന്ധു നിയമനത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ്. ഇത് അപലപനീയമാണ്. സംസ്ഥാനത്ത് നടക്കുന്നത് ഭരണപക്ഷ നേതാക്കളുടെ താല്‍പര്യമാണ്. ഇതിനെതിരെ ജനരോഷം ഉയര്‍ന്നുവരണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേർത്തു .

logo
The Fourth
www.thefourthnews.in