മഴയുണ്ടെങ്കിൽ അവധി തലേദിവസം തന്നെ പ്രഖ്യാപിക്കണം; കളക്ടർമാർക്ക് മന്ത്രി ശിവൻകുട്ടിയുടെ നിർദേശം

മഴയുണ്ടെങ്കിൽ അവധി തലേദിവസം തന്നെ പ്രഖ്യാപിക്കണം; കളക്ടർമാർക്ക് മന്ത്രി ശിവൻകുട്ടിയുടെ നിർദേശം

രാവിലെ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും മന്ത്രി.
Updated on
1 min read

മഴയുണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിക്കുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളുകൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. മുൻവർഷങ്ങളിൽ രാവിലെ അവധി പ്രഖ്യാപിക്കുന്നതിനെതിരെ പരാതികളുയർന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം.

''രാവിലെ അവധി പ്രഖ്യാപിക്കുമ്പോഴേക്ക് പലകുട്ടികളും വീട്ടില്‍നിന്ന് ഇറങ്ങിയിട്ടുണ്ടാകും. പല അസൗകര്യങ്ങളുമുണ്ടാകാൻ സാധ്യതയുണ്ട്. അവധി നൽകുകയാണെങ്കിൽ തലേദിവസം പ്രഖ്യാപിക്കണം. ആ നിർദേശം ജില്ലാ കലക്ടർമാർക്ക് നൽകിയിട്ടുണ്ട്’’– മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്, കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ എറണാകുളം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിലും കാസർഗോഡും ഇന്നു രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മഴ മുന്നൊരുക്കത്തിന്റെ ഭാ​ഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നുവെന്ന് മന്ത്രിവ്യക്തമാക്കി. കഴിഞ്ഞ ദിവസം കാസർകോട് മരം വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടികയിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in