കുന്നിടിച്ചും ജലം ഊറ്റിയും പണിത റിസോർട്ട്; വിവാദങ്ങളുടെ അടിത്തറയിൽ ഉയർന്ന വൈദേകം
നിർമാണ ഘട്ടം മുതൽ നിരവധി ആരോപണങ്ങൾ നേരിട്ട പദ്ധതിയാണ് മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട്. മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജന് കമ്പനിയോടുള്ള അടുത്ത ബന്ധവും പരിസ്ഥിതി-നിർമാണ ചട്ടങ്ങളിൽ നിരവധി ഇളവുകൾ ഈ പദ്ധതിക്കായി ആന്തൂർ നഗരസഭ നൽകിയെന്ന ആരോപണവും പദ്ധതിയെ ദീർഘനാൾ മാധ്യമ വാർത്തകൾക്ക് വിഷയമാക്കി. ഈ പദ്ധതി നടപ്പാക്കിയ കമ്പനിക്ക് കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ പി ജയരാജനോടുള്ള അടുത്ത ബന്ധമാണ് കഴിഞ്ഞ ദിവസം ഇ പിക്ക് എതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിക്കാൻ പി ജയരാജന് പ്രേരണയായത്.
ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുന്നതിന് രണ്ട് വർഷം മുൻപ്, 2014-ലാണ് കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് സ്ഥാപിതമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളെ ആയുർവേദ ചികിത്സാ രീതികൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആരംഭിക്കുകയായിരുന്നു കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. തുടക്കത്തിൽ ഏഴ് ഡയറക്ടർമാർ ഉണ്ടായിരുന്ന കമ്പനിയിൽ 2500 ഓഹരികളുള്ള പുതുശേരി കോറോത്ത് ജെയ്‌സൺ ആണ് പ്രധാന ഡയറക്ടർ. പി കെ ജെയ്‌സൺ ഇ പി ജയരാജന്റെ മകനാണ്. പിന്നീട് ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും ഈ കമ്പനിയുടെ ഡയറക്ടർ ബോർഡിലേക്ക് വന്നു.
മൊറാഴയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള വൈദേകം ആയുർവേദ ഹീലിങ് വില്ലേജ് ആയിരുന്നു കമ്പനിയുടെ ആദ്യ പദ്ധതി. മൊറാഴയിലെ ഉടുപ്പാക്കുന്ന് ആയിരുന്നു പദ്ധതിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലം. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് റിസോർട്ട് നിർമാണം ആരംഭിക്കുന്നത്. മന്ത്രിസഭയിൽ രണ്ടാമനായി ഇ പി ജയരാജൻ എത്തിയത് പദ്ധതിക്ക് ഗതിവേഗമേകി. കുന്നിടിച്ച് നിരപ്പാക്കിയ ശേഷമാണ് പത്തേക്കറിൽ അധികം വരുന്ന സ്ഥലത്ത് റിസോർട്ട് നിർമിച്ചത്. ഉടുപ്പാക്കുന്ന് ഇടിച്ചുനിരത്തിയുള്ള നിർമാണ പ്രവർത്തനം നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
ഉടുപ്പാക്കുന്ന് ഇടിച്ച് നിരത്തുന്നതിനെതിരായ പരാതികൾ പിന്നീട് വെളിച്ചം കണ്ടിട്ടില്ല
പദ്ധതി പരിസ്ഥിതിക്ക് കാര്യമായ ദോഷങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2018 ഏപ്രിലിൽ ആരോപിച്ചു. പദ്ധതി പ്രദേശത്ത് നിരവധി കുഴൽ കിണറുകൾ സ്ഥാപിച്ച് ജലചൂഷണം നടത്തുകയാണെന്നും ഇത് മൊറാഴയിലെ ജലസ്രോതസുകളിലെ ജലം വറ്റിപ്പോകാനും ഉപ്പുവെള്ളം കയറാനും ഇടയാക്കുമെന്നും കാട്ടി പരിഷത്ത് അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഉടുപ്പാക്കുന്ന് ഇടിച്ച് നിരത്തുന്നതിലൂടെ പ്രദേശത്തെ പരിസ്ഥിതി സന്തുലനത്തിന് കാര്യമായ ദോഷമുണ്ടാകുമെന്നും ആ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കളക്ടർ തളിപ്പറമ്പ് തഹസിൽദാർക്ക് അന്വേഷണത്തിന് കൈമാറിയ പരാതി പിന്നീട് വെളിച്ചം കണ്ടിട്ടില്ല.
എന്നാൽ പരിഷത്തിൽ പ്രവർത്തിക്കുന്നവർ ഏതാണ്ട് എല്ലാപേരും സിപിഎം അംഗങ്ങളോ അനുഭാവികളോ ആണെന്ന വസ്തുത ഈ പരാതിക്ക് പിന്നിൽ പാർട്ടിയിലെ ഇ പിയുടെ എതിരാളികൾക്ക് പങ്കുണ്ടെന്ന ധാരണ ഉളവാക്കി. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള അധ്യക്ഷയായിരുന്ന ആന്തൂർ നഗരസഭയാണ് വൈദേകം റിസോർട്ടിനായുള്ള അനുമതികളെല്ലാം ജെയ്‌സൻ ഡയറക്ടറായ കമ്പനിക്ക് നൽകുന്നത്. കുന്നിടിക്കാനുള്ള അനുമതി നൽകിയ ജിയോളജി വകുപ്പാകട്ടെ ജയരാജൻ ഭരിച്ചിരുന്ന വ്യവസായ വകുപ്പിന്റെ കീഴിലും.
പാർട്ടിക്കുള്ളിലെ എതിരാളികൾക്ക് ഒരു പരിധിക്കപ്പുറം ജയരാജനെ എതിർക്കാനുള്ള ശേഷി അന്നുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ എന്ന നിലയിലും മന്ത്രിസഭയിലെ രണ്ടാമൻ എന്ന നിലയിലും ചോദ്യം ചെയ്യപെടാനാവാത്ത തലത്തിലേക്ക് വളർന്നിരുന്നു അദ്ദേഹം.
റിസോർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ സാന്നിധ്യം വിവാദമായിരുന്നു.
അനുമതികൾ കൃത്യമായി നേടുകയും എതിർപ്പുകളെ നിശബ്ദമാക്കുകയും ചെയ്തു സജീവമാക്കിയ റിസോർട്ട് നിർമാണ പ്രവർത്തനങ്ങൾ പക്ഷേ, കോവിഡ് വന്നതോടെ നിലച്ചുപോയി. ലോക്ക്ഡൗൺ ഇളവുകാലത്ത് പുനരാംഭിച്ച നിർമാണം 2021 ഏപ്രിലിൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പൂർത്തിയാകുന്നത്. മന്ത്രി ഇ പി ജയരാജനാണ് വൈദേകം ഉദ്‌ഘാടനം ചെയ്തത്. ആ ചടങ്ങിൽ കണ്ണൂരിലെ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ സജീവമായ സാന്നിധ്യം പാർട്ടിയിൽ മറ്റൊരു വിവാദത്തിന് ഇടയാക്കിയിരുന്നു. മമ്പറം ദിവാകരനായിരുന്നു 2016-ൽ ധർമ്മടത്ത് പിണറായി വിജയനെ നേരിട്ട യു ഡി എഫ് സ്ഥാനാർഥി.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിപിഎമ്മിൽ ചർച്ചയായ മറ്റൊരു വിവാദം കൂടെയുണ്ട്. മന്ത്രി സ്ഥാനമേറ്റ് ഏതാനും ആഴ്ചകൾക്കുള്ളിൽ വനം മന്ത്രി പി കെ രാജുവിന് വ്യവസായ മന്ത്രി ഇ പി ജയരാജൻ എഴുതിയ ഒരു കത്താണ് അത്. ഇരിണാവിലെ തന്റെ കുടുംബ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 1200 ചതുരശ്ര മീറ്റർ തേക്ക് വനം വകുപ്പിന്റെ ഡിപ്പോയിൽ നിന്ന് സൗജന്യമായി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, കുടുംബ ക്ഷേത്രത്തെ മറയാക്കി റിസോർട്ടിന് വേണ്ടി തടി സൗജന്യമായി നേടിയെടുക്കുകയായിരുന്നു ഉദ്ദേശമെന്ന് പാർട്ടിക്കുള്ളിൽ അന്ന് സംസാരമുണ്ടായിരുന്നു. എന്തായാലും ഫയൽ പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ തേക്കിൻ തടി സൗജന്യമായി നല്കാൻ വകുപ്പില്ലെന്ന് കുറിപ്പ് എഴുതിയതോടെ ആ പദ്ധതി പൊളിഞ്ഞു.
ആന്തൂർ നഗരസഭയ്ക്ക് 2017-ൽ നൽകിയ അനുമതി അപേക്ഷയിൽ റിസോർട്ട് നിർമാണത്തിന് മതിപ്പ് ചെലവായി മൂന്ന് കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. എന്നാൽ 2021ൽ പണി പൂർത്തിയായപ്പോൾ ചെലവ് ഏഴ് കോടിയോളം ആയെന്നാണ് സിപിഎം പ്രാദേശിക നേതാക്കൾ കണക്ക് കൂട്ടുന്നത്. ഈ തുകയുടെ സ്രോതസ് എന്താണെന്നാണ് പി ജയരാജൻ ഇപ്പോൾ സംസ്ഥാന കമ്മിറ്റിയിൽ ഉയർത്തിയ ചോദ്യത്തിന്റെ യഥാർത്ഥ അർഥം. അത് കണ്ടുപിടിക്കാൻ പുതിയ നേതൃത്വത്തിന്റെ കീഴിലുള്ള പാർട്ടി തുനിഞ്ഞാൽ ജയരാജന് കാര്യങ്ങൾ കടുപ്പമായേക്കും.