'ഒറ്റയ്ക്ക് നിന്നല്ല പോരാട്ടം നടത്തേണ്ടത്, വൈക്കം സത്യഗ്രഹം രാജ്യത്തിന് വഴികാട്ടി': എം കെ സ്റ്റാലിന്‍
വൈക്കം സത്യാഗ്രഹം തമിഴ്നാടിനോ കേരളത്തിനോ മാത്രമല്ല ഇന്ത്യയ്ക്ക് വഴികാട്ടിയ പോരാട്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരം കൊണ്ട് രണ്ടെങ്കിലും മനസ്സ് കൊണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയനും താനും ഒന്നാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ശരീരം കൊണ്ട് രണ്ടെങ്കിലും മനസ്സ് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും താനും ഒന്ന്
എം കെ സ്റ്റാലിൻ
പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കുക എന്ന മാതൃകയാണ് വൈക്കം സത്യഗ്രഹത്തിൽ കണ്ടത്. ഒറ്റയ്ക്ക് നിന്നല്ല പോരാട്ടം നടത്തേണ്ടതെന്ന് വൈക്കം സത്യഗ്രഹം കാണിച്ചു തന്നു. വരും കാലത്തും കേരളവും തമിഴ്നാടും ഇതുപോലെ ഒരുമിച്ചുണ്ടാകും. വലിയ സഹോദര്യമായി കേരള തമിഴ്നാട് ബന്ധം ശക്തിപ്പെട്ടു. ഇന്ത്യക്ക് തന്നെ ഈ ബന്ധം മാതൃകയായി മാറുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സാഹോദര്യം ഇന്ത്യയ്ക്ക് മാതൃകയാണ്
പിണറായി വിജയൻ
സമാനതകളില്ലാത്ത സമരമാണ് വൈക്കം സത്യാഗ്രഹമെന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ഉതകുന്ന പോരാട്ടങ്ങൾക്കുള്ള ഊർജമായി വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം മാറട്ടെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സാഹോദര്യം ഇന്ത്യയ്ക്ക് മാതൃകയാണ്, വൈക്കം സത്യഗ്രഹവും ഇതേ ആശയമാണ് മുന്നോട്ട് വച്ചത്. ഒറ്റയ്ക്ക് നിന്നല്ല പോരാട്ടം നടത്തേണ്ടത് എന്നും വൈക്കം സത്യഗ്രഹം കാട്ടിതന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിയാർസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് പിണറായി വിജയനും എം കെ സ്റ്റാലിനും ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ വീരസ്മരണകളുണർത്തി 603 ദിവസം നീളുന്ന ആഘോഷത്തിനാണ് ഇന്നത്തെ ചടങ്ങോടെ തുടക്കമാകുന്നത്. വൈക്കം കായലോരത്തു നടന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. 15,000 പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് ചടങ്ങിനായി തയാറാക്കിയത്. തമിഴ്നാട്ടിൽനിന്നും നിരവധി ആളുകളാണ് പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്.