ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ

സര്‍വകലാശാല നിയമ ഭേദഗതി ബില്ലിന് ഓഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം; നീക്കം ഗവര്‍ണറെ മറികടക്കല്‍

കേരള സര്‍വകലാശാല പ്രതിനിധിയെ ഒഴിവാക്കി ചാന്‍സിലര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് മറികടക്കാനാണ് മുന്‍ കാല പ്രാബല്യത്തോടെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്
Updated on
1 min read

സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബില്ലിന് മുന്‍കാലപ്രാബല്യം. ഓഗസ്റ്റ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും ബില്‍ പാസാക്കുക. സബ്ജക്ട് കമ്മിറ്റിയിലാണ് ഈ ഭേദഗതി വന്നത്. സബ്ജക്റ്റ് കമ്മിറ്റിയിലും പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിന് എതിരായ വിയോജിപ്പ് രേഖപ്പെടുത്തി.

അതേസമയം, കേരള സര്‍വകലാശാല പ്രതിനിധിയെ ഒഴിവാക്കി ചാന്‍സിലര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് മറികടക്കാനാണ് മുന്‍കാല പ്രാബല്യത്തോടെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ പരിഗണിക്കുന്നതിന് മുമ്പേ ആയിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല വിസിയെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു കമ്മിറ്റിയെ നിയോഗിച്ചത്.

കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാല പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടായിരുന്നു ഗവര്‍ണര്‍ സമിതി രൂപീകരിച്ചത്. സര്‍വകലാശാല പ്രതിനിധിയുടെ പേര് ലഭിക്കുന്ന മുറയ്ക്ക് സമിതിയില്‍ ഉള്‍പ്പെടുത്തും എന്നായിരുന്നു അറിയിപ്പ്. സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയായി കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ഡോ. ദേബശിഷ് ചാറ്റര്‍ജിയും, യുജിസി പ്രതിനിധിയായി കര്‍ണാടക കേന്ദ്ര സര്‍വകലാശാല വിസി ഡോ. ബട്ടു സത്യനാരായണനും ആയിരുന്നു ഉള്‍പ്പെട്ടിരുന്നത്.

അതേസമയം, ഏത് ബില്‍ പാസ്സാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്നാരുന്നു ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളെ കുറിച്ച് പ്രതികരിച്ചത്. നിയമസഭയ്ക്ക് നിയമം പാസ്സാക്കാന്‍ അധികാരമുണ്ടെന്നും അതില്‍ തെറ്റില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാല്‍ ഏത് ബില്‍ പാസ്സാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നിയമസഭയുടെ അധികാരത്തില്‍ തനിക്ക് ഇടപെടാനാകില്ല. ബില്‍ വരുമ്പോള്‍ ഭരണഘടനാപരമാണോയെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍.സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയിലെ ബന്ധു നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാലകള്‍ യുജിസി നിര്‍ദേശം പാലിക്കണമെന്ന് ഉത്തരവുണ്ട്. ഇത് പരിഗണിച്ചായിരിക്കും ബില്‍ പരിശോധിക്കുകയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു .

അതേസമയം സര്‍വകലാശാല നിയമഭേഗതി ബില്ലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. സര്‍വകലാശാലകളിലെ ബന്ധുനിയമനത്തിന് എതിരെ നിലപാട് എടുത്ത ഗവര്‍ണറുടെ ചിറകരിയാനുളള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം.

logo
The Fourth
www.thefourthnews.in