വന്ദേ ഭാരത് ട്രാക്കില്‍; പച്ചക്കൊടി വീശി പ്രധാനമന്ത്രി

വന്ദേ ഭാരത് ട്രാക്കില്‍; പച്ചക്കൊടി വീശി പ്രധാനമന്ത്രി

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചടങ്ങുകള്‍ നിര്‍വഹിച്ചു
Updated on
2 min read

സംസ്ഥാനത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചടങ്ങുകള്‍ നിര്‍വഹിച്ചത്. ട്രെയിനില്‍ സി വണ്‍ കോച്ചിലെത്തിയ പ്രധാനമന്ത്രി കുട്ടികളുമായി 10 മിനിട്ടോളം സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവരും വിമാനത്താവളത്തിലെത്തി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തിരുവനന്തപുരത്തുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെ വഴിയോരത്ത് കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുന്ന കേരളത്തിന്റെ വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രയിലുള്ളത് ക്ഷണിക്കപ്പെട്ട യാത്രക്കാര്‍. ഉദ്ഘാടന സ്പെഷല്‍ സര്‍വീസില്‍ വിദ്യാര്‍ഥികള്‍, വിവിധരംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ടവരാണ് യാത്ര ചെയ്യുന്നത്. വന്ദേഭാരത് ഫ്‌ലാഗ് ഓഫിനുശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കൊപ്പം അല്‍പനേരം ചെലവഴിക്കും. രാവിലെ 9. 30 ഓടെ തന്നെ ആദ്യ ട്രെയിന്‍ യാത്രയുടെ ഭാഗമാകുന്നവരെ വന്ദേഭാരതില്‍ പ്രവേശിപ്പിച്ചിരുന്നു. വന്ദേഭാരത് എക്സ്പ്രസില്‍ 78 സീറ്റുകളുള്ള 12 ഇക്കോണമി കോച്ചുകളും, 54 സീറ്റുകളുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും, ഏറ്റവും മുന്നിലും പിന്നിലുമായി 44 സീറ്റുകളുള്ള രണ്ട് ഇക്കോണമി കോച്ചുകളും അടങ്ങിയതാണ് വന്ദേഭാരത് എക്‌സ്പ്രസ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം 1400 രൂപയാണ് ഇക്കോണമി ക്ലാസ് ടിക്കറ്റ് ചാര്‍ജ്. എക്‌സിക്യൂട്ടീവ് സീറ്റില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്യാന്‍ 2400 രൂപയാണ് ചെലവ് വരിക.

ആദ്യ സര്‍വീസില്‍ സ്ഥിരം സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം , ചെങ്ങന്നൂര്‍ , തിരുവല്ല , ചാലക്കുടി , തിരൂര്‍ , തലശേരി , പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ക്കൂടി വന്ദേഭാരത് എക്സ്പ്രസ് നിര്‍ത്തും. 26 ന് കാസര്‍കോട്ടു നിന്നും 28 ന് തിരുവന്തപുരത്തു നിന്നുമാണ് പതിവ് സര്‍വീസ് ആരംഭിക്കുക. ഫ്ലാഗ് ഓഫ് ചടങ്ങ് പൂര്‍ത്തിയാക്കിയ അല്‍പ്പ സമയത്തിനകം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3,200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും. തിരുവനന്തപുരം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. വന്ദേഭാരതിനു പുറമേ ദക്ഷിണ റെയില്‍വേയുടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നേമം ടെര്‍മിനല്‍ പദ്ധതി പ്രഖ്യാപനം, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സമഗ്ര വികസന പദ്ധതി, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളിലെ വിവിധ വികസന പദ്ധതിയുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും.

നവീകരിച്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനും, വൈദ്യുതീകരിച്ച ദിണ്ടിഗല്‍ - പളനി - പൊള്ളാച്ചി റെയില്‍പാതയും നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരം, ഷൊര്‍ണൂര്‍ പാതയിലെ ട്രെയിന്‍ വേഗപരിധി ഉയര്‍ത്തുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിക്കും. രാവിലെ 9.25 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി 10.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തി.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

logo
The Fourth
www.thefourthnews.in