വന്ദേ ഭാരത് കേരളത്തിലേക്ക്; മെയ് അവസാനവാരം സർവീസ് ആരംഭിച്ചേക്കും
ഇന്ത്യന്‍ റെയില്‍വേയുടെ അതിവേഗ ട്രെയിന്‍ സര്‍വീസായ വന്ദേ ഭാരത് കേരളത്തിലും സര്‍വീസിന് ഒരുങ്ങുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരം ഡിവിഷന് കീഴില്‍ അനുവദിച്ച രണ്ടു വന്ദേ ഭാരത് ട്രെയിനുകളിൽ ഒരെണ്ണം മെയ് അവസാനവാരത്തോടെ കേരളത്തിൽ എത്തുമെന്ന് തിരുവനന്തപുരം ഡിവിഷൻ പിആർഒ ദ ഫോർത്തിനോട് പറഞ്ഞു. ട്രെയിനിന്റെ സർവീസുകള്‍ ക്രമീകരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പിആര്‍ഒ വ്യക്തമാക്കുന്നു.
ഏപ്രിൽ 25 ന് കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സർവീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം
ആദ്യ ട്രെയിൻ ഓടി തുടങ്ങുന്നതിന് പിന്നാലെ രണ്ടാമത്തെ ട്രെയിൻ സർവീസും ക്രമീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും റെയില്‍വേ അധികൃതര്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ രണ്ടാമത്തെ ട്രെയിന്‍ എന്നെത്തുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിവേഗത്തില്‍ കുതിയ്ക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ കേരളത്തിലെ വേഗത സംബന്ധിച്ചും പിന്നീട് മാത്രമായിരിക്കും തീരുമാനമുണ്ടാവുകയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 25 ന് കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സർവീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്റർ ആണ്. ട്രെയിൻ കേരളത്തിലോടുമ്പോൾ പരമാവധി വേഗത നൂറു കിലോമീറ്ററിന് ഉള്ളിലായിരിക്കുമെന്ന് തിരുവനന്തപുരം ഡിവിഷൻ പി ആർ ഒ പറയുന്നു. അതാത് സെക്ഷനുകളുടെ പരമാവധി വേഗത അടിസ്ഥാനമാക്കി മാത്രമേ ട്രെയിൻ ഓടിക്കാവു എന്ന ചട്ടം നിലനില്‍ക്കുന്നതിനാലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ട്രാക്കുകളുടെ കാലപ്പഴക്കം, പാതയിലെ വളവുകള്‍ എന്നിവയും അതിവേഗ ട്രെയിൻ ഓടിക്കുമ്പോൾ വെല്ലുവിളിയാകും. ട്രെയിന്‍ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ട്രാക്കുകളിലും ഒപ്പം സിഗ്നൽ സംവിധാനത്തിലും പ്രത്യേക അറ്റകുറ്റപ്പണികൾ ഒന്നും റെയിൽവേ ഇതുവരെ നടത്തിയിട്ടില്ല.