വന്ദേഭാരത് രണ്ട് മിനുട്ട് വൈകി; ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

വന്ദേഭാരത് രണ്ട് മിനുട്ട് വൈകി; ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

റെയില്‍വെ യൂണിയനുകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്
Updated on
1 min read

ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനുട്ട് വൈകിയെന്ന കാരണത്താല്‍ ട്രാഫിക് സെക്ഷന്‍ ചീഫ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്ത നടപടി റെയില്‍വെ പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ അനാവശ്യമാണെന്ന് ആരോപിച്ച് റെയില്‍വെ യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. യൂണിയനുകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

ഇന്നലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ പിറവത്ത് വേണാട് എക്‌സ്പ്രസിന് ആദ്യം സിഗ്‌നല്‍ നല്‍കിയതിനാല്‍ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷന്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ റെയില്‍വെ തീരുമാനിച്ചത്. രണ്ട് മിനുട്ട് വൈകിയെന്ന കാരണത്താലുള്ള സസ്‌പെന്‍ഷന്‍ അനാവശ്യമാണെന്നായിരുന്നു റെയില്‍വെ നടപടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള പുതിയ തീരുമാനം.

വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ നിയന്ത്രിച്ചിരുന്നത് തിരുവനന്തപുരം ഡിവിഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറായിരുന്നു. പിറവം സ്റ്റേഷനില്‍ വേണാട് എക്‌സ്പ്രസ് എത്തിയതും വന്ദേഭാരത് കടന്ന് പോയതും ഒരേ സമയത്ത് ആയിരുന്നു. നിറയെ യാത്രക്കാരുള്ള വേണാട് എക്‌സ്പ്രസിന് പിറവം സ്റ്റേഷനില്‍ ആദ്യ സിഗ്‌നല്‍ നല്‍കി കടത്തിവിടുകയാണ് ഉണ്ടായത്. ഇതാണ് ചീഫ് കണ്‍ട്രോളര്‍ക്കെതിരെ നടപടിക്ക് കാരണമായത്.

logo
The Fourth
www.thefourthnews.in