ടിക്കറ്റ് ബുക്കിങ്ങിലും കുതിച്ചുപാഞ്ഞ് വന്ദേഭാരത്; യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം

ടിക്കറ്റ് ബുക്കിങ്ങിലും കുതിച്ചുപാഞ്ഞ് വന്ദേഭാരത്; യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം

26നാണ് യാത്രക്കാരുമായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരതിന്റെ കന്നിയാത്ര
Updated on
1 min read

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ടിക്കറ്റ് വില്‍പ്പനയോടെ യാത്രക്കാരുടെ മികച്ച പ്രതികരണം. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഈ ആഴ്ചയിലെ എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ മുഴുവനും വിറ്റുതീര്‍ന്നു. ചെയര്‍കാര്‍ ടിക്കറ്റുകളും ഇനി അധികം ബാക്കിയില്ല.

മറ്റ് പാസഞ്ചര്‍ ട്രെയിനുകളേക്കാള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് എന്ന പരാതി ഒരു ഭാഗത്ത് ഉയരുമ്പോഴാണ് യാത്രക്കാര്‍ വന്ദേഭാരതിന് ഇത്രയും സ്വീകാര്യത നല്‍കിയത്. 26നാണ് യാത്രക്കാരുമായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരതിന്റെ കന്നിയാത്ര.

ആദ്യയാത്രയ്ക്ക് ശേഷം 28നാണ് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് വന്ദേഭാരത് യാത്ര നടത്തുന്നത്. ഈ റൂട്ട് സര്‍വീസില്‍ മെയ് രണ്ട് വരെയുള്ള എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നു.

ഞായറാഴ്ച രാവിലെയാണ് വന്ദേഭാരതിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ് വിവരങ്ങള്‍ റെയില്‍വെ നേരത്തെ പ്രസിദ്ധീകരിച്ചെങ്കിലും ബുക്കിങ് ആരംഭിച്ചത് രാവിലെയാണ്. രാവിലെ എട്ടുമണി മുതല്‍ സ്റ്റേഷനുകളില്‍ നിന്നുള്ള റിസര്‍വേഷന്‍ കൗണ്ടറിലൂടെയും ബുക്കിങ് സൗകര്യം റെയില്‍വേ ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡ് വരെ ചെയര്‍കാറിന് 1590 രൂപയും എക്‌സിക്യൂട്ടീവ് കോച്ചിന് 2815 രൂപയുമാണ്. ഇവയില്‍ തന്നെ ടിക്കറ്റ് നിരക്ക് കൂടിയ എക്‌സിക്യൂട്ടീവ് കോച്ചിന്റെ ടിക്കറ്റാണ് വിറ്റു തീര്‍ന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

logo
The Fourth
www.thefourthnews.in