കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം; മേയർ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ കേസെടുത്ത് പോലീസ്. വഞ്ചിയൂര്‍ കോടതിയുടെ നിർദേശപ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിനാണ് ആര്യയും സച്ചിനും അടക്കം കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർക്കെതിരേ കേസെടുത്തത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് നടപടി.
നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസമുണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിയത്.
നേരത്തെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ ആരോപണവിധേയനായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു രണ്ട് തവണ പരാതി നല്‍കിയിട്ടും പോലീസ് മേയര്‍ക്കും എംഎല്‍എയ്കുമെതിരെ കേസെടുത്തിരുന്നില്ല. തുടര്‍ന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ യദു ഇന്ന് പരാതി നല്‍കിയിരുന്നു. ഈ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
അതേസമയം കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമൊണ്് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
എന്നാല്‍ മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയമുണ്ടെന്ന് ഇന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കണ്ടക്ടര്‍ ഡിവൈഎഫ്‌ഐക്കാരനാണെന്നും പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദമാകാം കാരണമെന്നും യദു പറഞ്ഞിരുന്നു. നേരത്തെ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചോയെന്നും ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്‌തോയെന്നും അറിയില്ലെന്ന് കണ്ടക്ടര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ബഹളമുണ്ടായപ്പോഴാണ് താന്‍ ഇക്കാര്യങ്ങള്‍ അറിയുന്നതെന്നും കണ്ടക്ടര്‍ പറഞ്ഞിരുന്നു,